തെരുവ് നായ ശല്യം; കടകൾ തുറക്കാനാകാതെ വ്യാപാരികൾ
text_fieldsഅഞ്ചൽ ആർ.ഒ ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങൾക്ക്
മുന്നിൽ തമ്പടിച്ചു കിടക്കുന്ന തെരുവ് നായ്ക്കൾ
അഞ്ചൽ : അഞ്ചൽ ടൗൺ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. വിദ്യാർത്ഥികളടക്കമുള്ള കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. വാഹനങ്ങൾ വന്നാൽ പോലും നായ്ക്കൾ റോഡിൽ നിന്നും മാറില്ല. റോഡുകൾക്ക് കുറുകേ കൂട്ടമായി പോകുന്നതിനാൽ വാഹനങ്ങൾക്കും ഭീഷണിയാണ്.
ചന്തമുക്കിലെ പ്രൈവറ്റ് ബസ് സ്റ്റാന്റിൽ ബസുകൾ കയറിയിറങ്ങുന്നയിടത്താകും പലപ്പോഴും നായ്ക്കൾ വിശ്രമിക്കുന്നത്. അടഞ്ഞുകിടക്കുന്ന വനിതാ വിശ്രമ കേന്ദ്രത്തിന് മുന്നിൽ കൂട്ടമായിക്കിടക്കുന്ന നായ്ക്കൾ പരസ്പരം ആക്രമിക്കുന്നത് സമീപത്ത് ബസ് കാത്തു നിൽക്കുന്നവർക്ക് ഭീഷണിയാണ്. രാവിലെ വ്യാപാരികൾ കടതുറക്കാനെത്തുമ്പോൾ ഷട്ടറുകൾ തുറക്കാൻ പറ്റാത്ത വിധത്തിലാണ് നായ്ക്കൾ കിടക്കുന്നത്.
ആട്ടിയോടിച്ച് തറ കഴുകി വൃത്തിയാക്കിയ ശേഷമേ കടകൾ തുറക്കാൻ സാധിക്കുന്നുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞദിവസം കൈതാടി ജംഗ്ഷന്സമീപം ഇടറോഡിൽ സൈക്കിളിൽ സഞ്ചരിച്ച ആൺകുട്ടിയെ കൂട്ടമായെത്തിയ തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.