ക്ഷേത്രത്തിലും പലചരക്ക് കടയിലും മോഷണം
text_fieldsഅഞ്ചൽ: വാളകം പൊടിയാട്ടുവിള ശ്രീകൃഷ്ണ ക്ഷേത്രത്തിലും റേഷൻകട ജങ്ഷനിലെ പലചരക്ക് കടയിലും മോഷണം. ക്ഷേത്രത്തിന്റെ കതക് കുത്തിപ്പൊളിച്ചെങ്കിലും ഒന്നും മോഷ്ടിക്കപ്പെട്ടില്ല. പലചരക്ക് കടയിൽ നിന്നും വെളിച്ചെണ്ണ, പാം ഓയിൽ, ആറ് ടിൻ മിഠായി, തേങ്ങ, മുളക് പൊടി, മല്ലിപ്പൊടി, സോപ്പ് എന്നിവ കൂടാതെ ആയിരത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. തൊട്ടടുത്ത ലോട്ടറിക്കടയിലും കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മുഖംമൂടി ധരിച്ചതും വിവസ്ത്രനുമായ ഒരാൾ സാധനങ്ങൾ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. രാത്രി രണ്ട് മണിയോടെയുള്ളതാണ് ദൃശ്യങ്ങൾ. ഈ കടയിൽ രണ്ടാം തവണയാണ് മോഷണം നടന്നതെന്ന് ഉടമ പറഞ്ഞു. പ്രദേശവാസിയായ എസ്.പിയുടേത് ഉൾപ്പെടെ പല വീടുകളിലും നേരത്ത മോഷണം നടന്നിട്ടുണ്ടെങ്കിലും ഇതുവരേയും തുമ്പൊന്നും ലഭിച്ചിട്ടില്ല. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ച് അന്വഷണമാരംഭിച്ചു.