അറവ് മാലിന്യം റോഡരികിൽ തള്ളി; ദുർഗന്ധത്തിൽ വലഞ്ഞ് നാട്ടുകാർ
text_fieldsആയിരനല്ലൂർ റോഡരികിൽ മാലിന്യം തള്ളുന്നതിന് ഉപയോഗിച്ച വാഹനം
അഞ്ചൽ: വാഹനത്തിൽ എത്തിച്ച അറവ് മാലിന്യം റോഡരികിൽ തളളി. അതേസമയം മാലിന്യം റോഡരികിൽ തള്ളിയത് വഴിയാത്രികൻ മൊബൈൽ ഫോണിൽ പകർത്തി ദൃശ്യങ്ങൾ ഗ്രാമ പഞ്ചായത്തധികൃതർക്ക് കൈമാറി. ഞായറാഴ്ച പുലർച്ചെ നാലോടെ ഏരൂർ ഗ്രാമപഞ്ചായത്തിലെ ഇടമൺ-ഏരൂർ റോഡിൽ ആയിരനല്ലൂർ വാസു വളവിലാണ് മാലിന്യം തളളിയത്.
അറവ് മാലിന്യം തള്ളിയത് റോഡരികിലെ വനഭൂമിയിലൂടെയൊഴുകുന്ന തോട്ടിലേക്കാണ്. ഗ്രാമപഞ്ചായത്തധികൃതർ പരാതി നൽകിയതിനെത്തുടർന്ന് ഏരൂർ പൊലീസ്, ആരോഗ്യ വകുപ്പധികൃതർ, വനം വകുപ്പധികൃതർ എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു.
വാഹനത്തിന്റെ രജിസ്േട്രഷൻ നമ്പർ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം ഒരു വനിതയുടെ പേരിലുള്ളതാണെന്നും ഇത് വർഷങ്ങളായി മറ്റൊരാൾക്ക് വാടക കരാറിൽ നൽകിയിരിക്കുകയാണെന്നും തെളിവ് ലഭിച്ചതായും കൂടുതൽ അന്വേഷണം ആരംഭിച്ചതായും ഏരൂർ പൊലീസ് പറഞ്ഞു.
ദൃശ്യങ്ങൾ പകർത്തിയയാളിന് പാരിതോഷികം
സമ്പൂർണ ശുചിത്വ ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് നേടിയിട്ടുള്ള ഏരൂർ ഗ്രാമപഞ്ചായത്തിനെ കളങ്കപ്പെടുത്തുവാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിവരം തങ്ങളെ അറിയിച്ച വ്യക്തിക്ക് അർഹമായ പാരിതോഷികം നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നും പ്രസിഡൻ്റ് ജി.അജിത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഡോൺ വി.രാജ്, ഷൈൻ ബാബു എന്നിവർ അറിയിച്ചു.