വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽപോയ പ്രതി അറസ്റ്റിൽ
text_fieldsഅഞ്ചാലുംമൂട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ വിചാരണ തുടങ്ങാനിരിക്കവേ ഒളിവിൽ പോയ പ്രതി അറസ്റ്റിലായി. കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് എൽ.പി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയാണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. ചാത്തിനാംകുളം സ്വദേശിയായ സുപ്പ എന്ന് വിളിക്കുന്ന സൽമാൻ റെയ്സി (23) ആണ് പിടിയിലായത്.
2022ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത കിളികൊല്ലൂർ പൊലീസ് ഒന്നാം പ്രതിയായ സൽമാൻ റെയ്സിയെയും രണ്ടാം പ്രതിയായ ഫ്രാൻസിസ് ഫ്രാങ്കോയും അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് വിചാരണ തുടങ്ങാനിരിക്കവേ സൽമാൻ റെയ്സി ഒളിവിൽ പോവുകയായിരുന്നു. എറണാകുളത്ത് മരടിന് സമീപമുള്ള ഹോട്ടലിൽ അസ്‌ലം എന്ന പേരിൽ ജോലി നോക്കി വരുകയായിരുന്നു.
കിളികൊല്ലൂർ എസ്.എച്ച്.ഒ ശിവപ്രകാശും എസ്.ഐ ശ്രീജിത്തും സി.പി.ഒമാരായ ശ്യാംശേഖർ, ബിജീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.


