അക്ഷയ്: വരയിൽ തെളിയുന്ന കൗമാരം
text_fieldsഅക്ഷയ് ചിത്രരചനയിൽ
അഞ്ചാലുംമൂട്: ചിത്രങ്ങളിൽ വർണവിസ്മയം തീർത്ത് വ്യത്യസ്തനാകുകയാണ് ഇൗ പത്താംക്ലാസുകാരൻ. അഞ്ചാലുംമൂട് കാഞ്ഞാവെളി തോട്ടുവാഴത്തുവീട്ടിൽ ബിജുപിള്ളയുടെയും അഞ്ജുവിന്റെയും മകനായ അക്ഷയ് ബി. പിള്ളയാണ് ചിത്രരചനയിൽ വിസ്മയലോകമൊരുക്കുന്നത്.
ചെറുപ്രായത്തിൽ തന്നെ ചിത്രരചനയിൽ പ്രാഗല്ഭ്യം തെളിച്ച ഈ കൊച്ചുചിത്രകാരൻ മുന്നൂറിൽപരം ചിത്രങ്ങളാണ് കാൻവാസിൽ ഒരുക്കിയത്. പെൻസിൽ ഡ്രോയിങ്ങാണ് ഏറെ പ്രിയം. ചലച്ചിത്ര- കായികതാരങ്ങളും ദൈവങ്ങളും കുടുംബാംഗങ്ങളും ഒക്കെ അക്ഷയ്യുടെ പെൻസിൽ തുമ്പിൽ കഥാപാത്രങ്ങളായി രൂപംകൊള്ളുന്നു.
ചിത്രരചനയുടെ ബാലപാഠങ്ങൾ പോലുമില്ലാതെയാണ് ഒരോ ചിത്രവും അക്ഷയ് പൂർണതയിൽ എത്തിക്കുന്നത്. ചലച്ചിത്രതാരം ഉണ്ണി മുകുന്ദന് ചിത്രം വരച്ചുനൽകണമെന്നതാണ് ഇപ്പോഴത്തെ ആഗ്രഹം. സംസ്ഥാന ശിശുദിന സ്റ്റാമ്പിലും അക്ഷയ് വരച്ച ചിത്രം ഇടംപിടിച്ചിട്ടുണ്ട്.
2021ൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിന്നുള്ള 529 മത്സരാർഥികളെ പിന്തള്ളിയാണ് അക്ഷയ് ഒന്നാമനായത്. പ്രാക്കുളം എൻ.എസ്.എസ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആയിരുന്നു അന്ന് നേട്ടം കൈവരിച്ചത്.
കൃഷിയിടത്തിൽ നോക്കിയിരിക്കുന്ന കർഷകനായിരുന്നു ശിശുദിന സ്റ്റാമ്പ് ചിത്രത്തിന്റെ ഉള്ളടക്കം. തുടർന്ന് നിരവധി ചിത്രരചനമത്സരങ്ങളിൽ വിജയിച്ചു.
ഫോട്ടോഗ്രഫിയിൽ താൽപര്യമുള്ള അക്ഷയ് ചിത്രരചനയും ഫോട്ടോഗ്രഫിയും ഒത്തുചേർന്നുള്ള കലാസപര്യയാണ് ലക്ഷ്യമിടുന്നത്. കുടുംബാംഗങ്ങളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും പൂർണ പിന്തുണ ഈ കൊച്ചുകലാകാരനുണ്ട്.