പെരുമൺ ജങ്കാർ സർവീസ് പുനരാരംഭിക്കാൻ കരാറായി
text_fieldsഅഞ്ചാലുംമൂട്: പെരുമൺ-പേഴുംതുരുത്ത് ജങ്കാർ സർവീസ് ഉടൻ പുനരാരംഭിക്കും. മൺറോത്തുരുത്ത് പഞ്ചായത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജങ്കാർ സർവീസ് അറ്റകുറ്റപ്പണികൾക്കായാണ് ഒരു വർഷം മുമ്പ് ആലപ്പുഴയിലേക്ക് കൊണ്ടുപോയത്.
പണികൾക്ക് ശേഷം തിരിച്ചെത്തിയില്ല. പെരുമൺ, മൺറോത്തുരുത്ത് നിവാസികൾക്ക് യാത്രക്ലേശം വർധിച്ചിരുന്നു. മൺറോതുരുത്തിലും അനുബന്ധ പ്രദേശങ്ങളിലും ഉള്ളവർ പെരുമൺ റെയിൽവേ പാളത്തിലെ നടപ്പാതയിലൂടെയാണ് പെരുമണിലെത്തി അഞ്ചാലുംമൂട് ഭാഗത്ത് പോകുന്നത്. ഇതിനു പരിഹാരമായി പനയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജങ്കാർ സർവീസ് ആരംഭിക്കാൻ തീരുമാനിച്ചിരുന്നു.
തെരഞ്ഞെടുപ്പിന്റെ സമയമായതിനാൽ പ്രവർത്തനങ്ങൾ നീണ്ടു പോയി. ബുധനാഴ്ചയോടെ ജങ്കാർ സർവീസ് പുനരംഭിക്കാൻ കരാറായി.
പനയം പഞ്ചായത്ത് ആലപ്പുഴ സ്വദേശിയായ ജങ്കാർ ഉടമയുമായാണ് കരാറിൽ ഒപ്പിട്ടത്. പെരുമൺ പാലം നിർമാണത്തിന്റെ ഭാഗമായി പട്ടംതുരത്തിലേക്കാണ് മുമ്പ് സർവീസ് നടത്തിയിരുന്നത്. പാലം പണിക്ക് തടസമാകാതെ പെരുമണിൽ നിന്ന് പേഴുംതുരത്തിലേക്ക് സർവീസ് നടത്താനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി പനയം, മൺറോത്തുരുത്ത് പഞ്ചായത്തുകളുടെ പ്രതിനിധികളുടെയും തുറമുഖ വകുപ്പ് അധികൃതരുടെയും സംയുക്ത യോഗം കലക്ടറുടെ സാന്നിധ്യത്തിൽ ചേരുമെന്നും സർവീസ് അടുത്തമാസം പുനരാരംഭിക്കുമെന്നും പനയം പഞ്ചായത്ത് പ്രസിഡന്റ് ഡോ. ആർ. രാജശേഖരൻ പറഞ്ഞു.