സ്റ്റാർട്ട് ചെയ്യവെ തീ പിടിച്ചു; കാർ കത്തിനശിച്ചു
text_fieldsകാറിൽ പടർന്ന തീ അഗ്നിരക്ഷാസേനാംഗങ്ങൾ അണക്കുന്നു
അഞ്ചാലുംമൂട്: വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തീപിടിച്ച് കത്തിനശിച്ചു. നീരാവിൽ ശ്രീനഗർ 18 വൃന്ദാവനിൽ വിനോദിന്‍റെ കാർ ആണ് കത്തിയത്. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. വീട്ടിലെ കാർ പോർച്ചിൽ കിടന്ന കാർ സ്റ്റാർട്ട് ചെയ്തതോടെ എൻജിന്‍റെ ഭാഗത്ത് നിന്ന് പുക ഉയരുകയും തീ പടർന്ന് പിടിക്കുകയുമായിരുന്നു.
വിനോദ് കാറിൽ നിന്നിറങ്ങി സുരക്ഷിത സ്ഥാനത്തേക്ക് മാറിയതോടെ തീ ആളിക്കത്തി. തീ വീടിന്റെ ജനലിലേക്ക് പടർന്ന് ജനൽ ചില്ലുകൾ തകർന്നു. പ്രദേശവവാസികളും വീട്ടുകാരും ചേർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും കെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് ചാമക്കടയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. കാർ പൂർണമായും കത്തിനശിച്ചു. തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.


