അസൗകര്യങ്ങളുടെ ആലയമായി പെരിനാട് റെയിൽവേ സ്റ്റേഷൻ
text_fieldsപ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്ത പെരിനാട് റെയിൽവേ സ്റ്റേഷൻ
അഞ്ചാലുംമൂട്: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പെരിനാട് റെയിൽവേ സ്റ്റേഷൻ. കൊല്ലം റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയരുമ്പോഴാണ് അതുമായി ബന്ധപ്പെട്ട് നിൽക്കുന്ന പെരിനാട് റെയിൽവേ സ്റ്റേഷനിലേക്ക് വികസനം എത്താത്തത്. വർഷങ്ങൾക്കുമുമ്പ് പ്ലാറ്റ്ഫോമിന്റെ നീളം വർധിപ്പിച്ചത് മാത്രമായിരുന്നു വികസനം. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ മേൽക്കൂര വേണമെന്ന് ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
യാത്രക്കാർ വെയിലും മഴയുമേറ്റാണ് ഇവിടെ ട്രെയിൻ കാത്തിരിക്കുന്നത്. രണ്ടുവർഷം മുമ്പ് ഡി.ആർ.എം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ മേൽക്കൂര നിർമിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. തുടർന്ന് താൽക്കാലികമായ ചെറിയ കാത്തിരിപ്പ് കേന്ദ്രം സ്ഥാപിക്കാൻ നടപടി സ്വീകരിക്കാനുള്ള നിർദ്ദേശം ഉദ്യോഗസ്ഥർക്ക് ഡി.ആർ.എം നൽകിയിട്ടും നാളിതുവരെ നടപടിയായില്ല. ഇവിടെ മിക്ക വണ്ടികൾക്കും സ്റ്റോപ്പ് ഇല്ലാത്തതും യാത്രക്കാരെ വലക്കുന്നുണ്ട്.
കോവിഡിന് മുമ്പ് പല ട്രെയിനുകൾക്കും ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നെങ്കിലും കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്നു. പിന്നീട് പുനഃസ്ഥാപിച്ചിട്ടുമില്ല. പെരുമൺ, പ്രാക്കുളം, അഷ്ടമുടി, കുണ്ടറ പെരിനാടിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ളവരെല്ലാം പ്രധാനമായും ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണിത്.