വൈക്കോലിൽ വിരിയും വിസ്മയകാവ്യം
text_fieldsവൈക്കോൽ ചിത്ര നിർമാണത്തിൽ രാധാകൃഷ്ണൻ
അഞ്ചാലുംമൂട്: വൈക്കോലിൽ ചിത്രങ്ങൾ നിർമിച്ച് കലയുടെ വ്യത്യസ്ത വഴിയിൽ മുന്നേറുകയാണ് കൊല്ലം പനയം അമ്പഴവയലിൽ മുടിയിൽ വീട്ടിൽ രാധാകൃഷ്ണൻ. 45 വർഷമായി വൈക്കോലിൽ വ്യത്യസ്തമായ ചിത്രരചന ഒരുക്കുന്ന ‘കച്ചിപ്പട’ ലോകത്ത് രാധാകൃഷ്ണൻ എത്തിയിട്ട്. നീളത്തിലുള്ള വൈക്കോലുകൾ ശേഖരിച്ച് ഉണക്കി അതിനുള്ളിലെ സ്ട്രോ പോലുള്ള ഭാഗം എടുത്ത് മരത്തിൽ നിന്ന് ലഭിക്കുന്ന പ്രത്യേകമായി തയ്യാറാക്കിയ പശ(ഗൂന്ത്) ഉപയോഗിച്ചാണ് കാൻവാസിൽ ചിത്രങ്ങൾ നിർമിക്കുന്നത്.
ക്ഷമയാണ് വൈക്കോൽ ചിത്രങ്ങൾ നിർമിക്കാൻ പ്രധാനമായും വേണ്ടതെന്ന് രാധാകൃഷ്ണൻ പറയുന്നു. സഹോദരൻ രാജേന്ദ്രൻ പിള്ളയാണ് ഈ മേഖലയിലേക്ക് എത്തിക്കുന്നത്. ദൈവങ്ങളുടെ ചിത്രങ്ങളും, പ്രകൃതിദൃശ്യങ്ങളും ആയിരുന്നു ആദ്യം നിർമ്മിച്ചത്. എന്നാൽ ഇപ്പോൾ വ്യക്തികളുടെ പോട്രെയിറ്റ് ചിത്രങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. തൃശൂർ പൂരം, ഗീതാഉപദേശം, ശ്രീരാമപട്ടാഭിഷേകം, അബ്ദുൾകലാം, ഗാന്ധിജി എന്നിങ്ങനെ നിരവധി ചിത്രങ്ങൾ രാധാകൃഷ്ണന്റെ കരവിരുതിൽ ഇതിനകം യാഥാർഥ്യമായിട്ടുണ്ട്.
കേന്ദ്ര ടെക്സ്റ്റയിൽ മന്ത്രാലയം നടത്തുന്ന ദേശീയ അവാർഡിനായുള്ള മത്സരത്തിൽ ഒന്നാം സമ്മാനവും രാധാകൃഷ്ണനെ തേടിയെത്തിയിട്ടുണ്ട്. ധ്യാനത്തിൽ ഇരിക്കുന്ന ഹനുമാൻ എന്നവൈക്കോൽ ചിത്രത്തിനാണ് പുരസ്കാരം ലഭിച്ചത്.
രണ്ട് ലക്ഷം രൂപയുംപ്രശസ്തിപത്രവും അടങ്ങുന്നതാണ് സമ്മാനം. ഇക്കുറി കേരളത്തിന് ലഭിച്ച ഏക സമ്മാനമാണിത്.1999ൽ കരകൗശല രംഗത്തു നടത്തിയ മത്സരത്തിൽ സംസ്ഥാന അവാർഡും,2014 ൽ നാഷണൽ മെറിറ്റ് അവാർഡും,2017 ൽ സംസ്ഥാന അവാർഡ്എന്നിവ രാധാകൃഷ്ണന് ലഭിച്ചിട്ടുണ്ട്. ഭാര്യ വിജയലക്ഷ്മിയും, മക്കൾ രാഹുൽ കൃഷ്ണയും ഗോകുൽകൃഷ്ണയും കച്ചിപട നിർമാണത്തിന്റെ സഹായത്തിന് രാധാകൃഷ്ണനൊപ്പമുണ്ട്. മുൻകാലത്ത് പെരിനാടിന്റെ വിവിധ ഭാഗങ്ങളിൽ മാത്രം ഉണ്ടായിരുന്ന കച്ചിപട നിർമാണ മേഖലയിൽ നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ നാമമാത്രമായ ആൾക്കാർ മാത്രമാണ് ഇപ്പോഴുള്ളത്. കരകൗശല വികസന കോർപ്പറേഷൻ സഹായങ്ങൾ നൽകുന്നുണ്ടെങ്കിലും പുതിയതലമുറ മേഖലയിലേക്ക് കടന്നുവരുന്നില്ല എന്ന വിഷയം രാധാകൃഷ്ണനുണ്ട്.