കിണറ്റിൽ വീണ വയോധികക്ക് രക്ഷകരായി പൊലീസ്
text_fieldsകിണറ്റിൽ വീണ വയോധികയെ രക്ഷിക്കുന്ന അഞ്ചാലുംമൂട് എസ്.ഐ സഞ്ജയൻ
അഞ്ചാലുംമൂട്: കിണറ്റിൽ വീണ് പ്രാണനുവേണ്ടി പിടഞ്ഞ വയോധികക്ക് രക്ഷകരായി അഞ്ചാലുംമൂട് പൊലീസ്. അഞ്ചാലുംമൂട് ആനെച്ചുട്ടമുക്കിൽ തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വിവരം ലഭിച്ച ഉടൻ അഞ്ചാലുംമൂട് ഇൻസ്പെക്ടർ ധർമജിത്തിന്റെ നിർദേശപ്രകാരം എസ്.ഐ സഞ്ജയൻ, എ.എസ്.ഐ രാജേഷ് കുമാർ, സി.പി.ഒ ശിവകുമാർ, ഡ്രൈവർ എ.എസ്.ഐ അനൂജ് എന്നിവർ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.
സ്ഥലത്തെത്തിയ പൊലീസ് സംഘം കാണുന്നത് കിണറ്റിൽ മുങ്ങി താഴുന്ന വയോധികയെയാണ്. അഗ്നിരക്ഷാസേന വരുന്നതുവരെ സമയം പാഴാക്കാൻ ഇല്ലെന്ന് മനസിലാക്കിയ എസ്.ഐ സഞ്ജയൻ ഉടൻ കിണറ്റിലേക്ക് ഇറങ്ങി വായോധികയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെ സഹായത്തോടെ വായോധികയെ പുറത്തെത്തിച്ചു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിക്കാൻ ആയതിന്റെ ആത്മസംതൃപ്തിയിലാണ് പൊലീസ് ഉദ്യോഗസ്ഥർ.