യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsജോയ്
അഞ്ചാലുംമൂട്: മുൻവൈരാഗ്യത്താൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. തൃക്കടവൂർ കുരീപ്പുഴ വിളയിൽ കിഴക്കതിൽ വീട്ടിൽ ജോയ് (45) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. തൃക്കടവൂർ കുരീപ്പുഴ സ്വദേശി ജോമോനെയാണ് (27) വെട്ടി പരിക്കേൽപ്പിച്ചത്.
ശനിയാഴ്ച ഉച്ച ജോയ് ജോമോനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു ആക്രമണം. ജോയ് വാളുമായെത്തി കുരീപ്പുഴ ഉപ്പേരി കോളനി പഞ്ചായത്ത് കിണറിന് സമീപത്ത് വച്ച് ജോമോനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ കൈവിരലുകൾക്കും കൈത്തണ്ടക്കും ആഴത്തിൽ മുറിവേറ്റു.
തലയും കഴുത്തും ലക്ഷ്യമാക്കിയുള്ള വെട്ട് കൈവെച്ച് തടയുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇൻസ്പെക്ടർ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ എസ്.ഐമാരായ രജീഷ്, പ്രതീപ്, സി.പി.ഒമാരായ സനോജ്, രാജഗോപാൽ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.