അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
text_fieldsലാൽകൃഷ്ണ
അഞ്ചാലുംമൂട്: അയൽവാസിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിലായി. പനയം ചെമ്മക്കാട് മിനി ഭവനത്തിൽ ലാൽകൃഷ്ണ (34) ആണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.പനയം ചെമ്മക്കാട് സ്വദേശിയായ തുളസീധരനെ (65) ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതി സ്ഥിരമായി മദ്യലഹരിയിൽ ഇയാളുടെ കുടുംബാംഗങ്ങളെ അസഭ്യംവിളിക്കുകയും പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നത് തുളസീധരൻ ചോദ്യംചെയ്തതിലുള്ള വിരോധത്തെ തുടർന്ന് ഇയാളുടെ വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് കിടന്നിരുന്ന മാർബിൾ കഷണം ഉപയോഗിച്ച് തുളസീധരനെ നിലത്തിട്ട് മർദിക്കുകയും തലയുടെ ഇരുവശങ്ങളിലും ഇടിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരാതിക്കാരന്റെ തലക്ക് ഗുരുതര പരിക്കേറ്റു.
തുടർന്ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് എസ്.ഐമാരായ പ്രദീപ്, സജൽ, എസ്.സി.പി.ഒ മഹേഷ്, ദിലീപ്, വിഗ്നേഷ്, എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


