അഞ്ചൽ ആശുപത്രിയിൽ മരുന്നും പരിശോധനയും ‘പുറത്തു നിന്ന്’
text_fieldsഅഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ
അഞ്ചൽ: കോടികൾ ചെലവഴിച്ച പുതിയ ആശുപത്രി കെട്ടിടവും ആധുനിക സൗകര്യങ്ങളും ഉണ്ടെങ്കിലും അഞ്ചൽ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രോഗികൾക്ക് മരുന്നുകളും പരിശോധനകളും ലഭ്യമാകുന്നില്ലെന്ന് പരാതി. മണിക്കൂറുകൾ ക്യൂ നിന്നാണ് ഡോക്ടറുടെ അടുത്ത് രോഗികളെത്തുന്നത്. കാര്യമായ പരിശോധന നടത്താതെ പലവിധ ടെസ്റ്റുകൾക്കായി രോഗികളെ പറഞ്ഞു വിടുകയാണത്രേ.
ആശുപത്രിയിലെ മെഡിക്കൽ ലാബിൽ ഒരാഴ്ചയോളമായി ഉപകരണങ്ങൾ തകരാറിലാണ്. അതിനാൽ സമീപത്തെ ലാബുകളിൽ ടെസ്റ്റ് നടത്താൻ നിർബന്ധിതരാകുകയാണ് രോഗികൾ. സ്വകാര്യ ലാബുകളിലെ അമിത നിരക്ക് കാരണം നിർധനരായ രോഗികൾ പരിശോധന നടത്താൻ കഴിയാതെ മടങ്ങുകയാണ്. ആശുപത്രിയിലെ ലാബിൽ 170 രൂപക്ക് ചെയ്യുന്ന ടെസ്റ്റിന് സ്വകാര്യ ലാബിൽ 390 രൂപയാണ് ഈടാക്കുന്നത്. ബില്ല് നൽകുന്നില്ലെന്ന പരാതിയും സ്വകാര്യ ലാബുകൾക്കെതിരേയുണ്ട്.
ആശുപത്രിയിലെ ഫാർമസിയിൽ പല മരുന്നുകളും സ്റ്റോക്കില്ലത്രേ. അതിനാൽ പുറത്തെ മെഡിക്കൽ സ്റ്റോറുകളെയാണ് നാട്ടുകാർ ആശ്രയിക്കുന്നത്. രാവിലെ 10 മണിമുതൽ വൈകിട്ട് 8 മണി വരെ ആണ് പ്രവർത്തന സമയമെങ്കിലും അത്രയും സമയം സേവനം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ചികിത്സാ ഉപകരണങ്ങളുടെ തകരാറ് പരിഹരിച്ച് പ്രവർത്തനസജ്ജമാക്കുന്നതിന് അടിയന്തിര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ആശുപത്രി.


