രണ്ടായിരം മുഖചിത്രങ്ങള്‍ പൂര്‍ത്തിയാക്കി റെക്കോഡിടാന്‍ ആര്‍ട്ടിസ്റ്റ് മണി
text_fieldsകുണ്ടറ: അപ്പന്റെ ഉടുപ്പിലും മുണ്ടിലും കിടക്കുന്ന പായയിലും വീടിന്റെ ചുമരാകെയും ചിത്രം വരച്ച് ബാല്യത്തില്‍ അച്ഛന്റെ കൈയില്‍നിന്ന് കൊട്ടുവടിക്ക് തട്ടുകിട്ടിയ മണിയാശാനെന്ന് കൂട്ടുകാര്‍ ബഹുമാനത്തോടെ വിളിക്കുന്ന ആര്‍ട്ടിസ്റ്റ് എന്‍.എസ്. മണിക്ക് വര ജീവവായുവാണ്.
വരയില്ലാതെ ഒരുദിവസം പോലും കടന്നുപോകാത്ത ജീവിതം. ചിത്രരചനയുടെ വൈവിധ്യലോകത്ത് വ്യാപിച്ച് കിടക്കുന്നതാണ് മണിച്ചിത്രങ്ങള്. കൊല്ലം, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ എന്‍.എസ്.മണി വരച്ച ചിത്രങ്ങളും വ്യാപിച്ചുകഴിഞ്ഞു. അറുപത്തിയൊമ്പതിന്റെ ആരോഗ്യത്തിലും എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് ഒരു വലിയ കഠിന യജ്ഞത്തിലാണ് മണിയാശാനിപ്പോള്. തനിക്ക് പരിചയമുള്ള പ്രശസ്തരും അപ്രശസ്തരും സുഹൃത്തുക്കളും പരിചയംപോലും ഇല്ലാത്തവരുമായ മനുഷ്യരുടെ മുഖചിത്രം വരക്കുന്ന തപസ്യയിലാണിപ്പോള് ഇദ്ദേഹം. പേനയും പെന്‍സിലും ഉപയോഗിച്ച് 2000 പേരുടെ മുഖചിത്രം പൂര്‍ത്തിയാക്കി ഗിന്നസ് ബുക്കില്‍ ഇടം തേടുകയാണ് ലക്ഷ്യം.
ചിത്രരചന ഇപ്പോള്‍ 2000 കടന്നു. ചിത്രം വരയ്ക്കുക മാത്രമല്ല ഇവരെ കുറിച്ച് ‘മുഖപ്രസാദം’ എന്ന തലക്കെട്ടില്‍ സഹിത്യവും സൗഹൃദവും നിറഞ്ഞ കുറിപ്പെഴുതുകകൂടി ചെയ്യുന്നു. ഈ കുറിപ്പിന് വലുപ്പച്ചെറുപ്പമൊന്നുമില്ല. ഇ.എം.എസിനെ വിലയിരുത്തുന്നപോലെ തന്നെ തനിക്ക് ചന്തയില്‍ സാധനങ്ങള്‍ നല്കിയ ഗ്രാമീണനെയും പരിഗണിക്കുന്നു. സാഹിത്യവും ചരിത്രവും ഒക്കെ ഈ കുറിപ്പില്‍ സജീവം. തകഴിയും വയലാറും തിരുനല്ലൂരും മധുവും കെ.പി.എ.സി ലളിതയും നസീറും മോഹന്‍ലാലും മമ്മൂട്ടിയും കുരീപ്പുഴയും പി.ജെ.ഉണ്ണികൃഷ്ണനും,മുക്കടയില്‍ നാരങ്ങ വില്‍ക്കുന്ന കാക്കയും എല്ലാം മണിയാശന്റെ മുഖപ്രസാദത്തിന്റെ അതിശയമുഖങ്ങളും വാഗ്മയ ചിത്രങ്ങളുമാണ്.
മണിയാശാന് ഗിന്നസ് ബുക്കില്‍ ഇടം ലഭിക്കുമെന്നുതന്നെയാണ് അദ്ദേഹത്തിന്റെ വരയറിവ് ആസ്വദിച്ചിട്ടുള്ളവരുടെ വിശ്വാസം. ഫ്രീഹാൻഡും പെന്‍സിലും പെന്‍ ആൻഡ് ഇങ്കും ആക്രിലിക്കും ജലഛായവും എല്ലാം ഇദ്ദേഹത്തിന് വഴങ്ങും. സാമൂഹിക വിമര്‍ശനങ്ങളും രാഷ്ട്രീയ വിമര്‍ശനങ്ങളും അടങ്ങുന്ന നിരവധി പെയിന്റിങ്ങുകള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് കരുണാകരനെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ചതോടെ ഒളിവില്‍ കഴിഞ്ഞ അനുഭവവും ഇദ്ദേഹത്തിന് സ്വന്തം. കൊല്ലത്ത് സി.പി.എം പാര്‍ട്ടി ഓഫിസില്‍ ഇരിക്കുന്ന ഒട്ടുമിക്ക നേതാക്കളുടെയും ചിത്രം ഇദ്ദേഹത്തിന്റെ രചനയാണ്.
കൂടാതെ മണിവരച്ച ചിത്രങ്ങൾ ക്രിസ്ത്യന്‍ പള്ളികളിലും ക്ഷേത്രങ്ങളിലും കാണാം. വാട്ടര്‍ കളറിലും ഇനാമല്‍ പെയിന്റിലും ഉള്‍പ്പെട വരച്ച മൂവായിത്തോളം ചിത്രങ്ങള്‍ കാലിച്ചാക്ക് അട്ടിയിടുന്നപോലെ ഒന്നിന് മുകളില്‍ ഒന്നായി കട്ടിലിനടിയിലും മറ്റും സൂക്ഷിക്കുകയാണിപ്പോള്‍. ഈ ചിത്രങ്ങള്‍ നന്നായി സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും ഒരു ആര്‍ട്ട് ഗാലറി ഇദ്ദേഹത്തിന്റെ സ്വപ്നമാണ്. നാടാകെ മണിച്ചിത്രങ്ങള് വര്‍ണഭംഗിയോടെ ശോഭിക്കുമ്പോഴും ദാരിദ്ര്യത്തിന്റെ കറുത്ത ചായമാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിന്. കഠിനമായി അധ്വാനിച്ച് വരക്കുന്ന ചിത്രങ്ങള്‍ക്ക് ന്യാമായ പ്രതിഫലം ലഭിക്കാത്തതും ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ ഇരുള് പടര്‍ത്തുന്നുണ്ട്.


