യുവതിക്കെതിരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
text_fieldsപ്രമോദ്
ചടയമംഗലം: യുവതിയെ നടുറോഡിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ പ്രതി ചടയമംഗലം പൊലീസിന്റെ പിടിയിൽ. ആയൂർ ഇളമാട് പ്രമോദ് മന്ദിരത്തിൽ പ്രമോദ് (40) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി എട്ടോടുകൂടി കടയിൽനിന്ന് സാധനം വാങ്ങാനായി സ്കൂട്ടറിൽ പോവുകയായിരുന്ന മാതാവിനെയും 20 വയസ്സുള്ള മകളെയും പ്രതി ഇരുചക്ര വാഹനത്തിൽ പിന്തുടർന്നു.
മാതാവ് കടയിൽ കയറിയ സമയം റോഡ്സൈഡിൽ സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന യുവതിയെ പ്രമോദ് കടന്നുപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ പ്രമോദിനെ കൈയോടെ പിടികൂടി ചടയമംഗലം പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
മാനസിക-ശാരീരിക ബുദ്ധിമുട്ടിനെതുടർന്ന് യുവതിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ചടയമംഗലം പൊലീസ് പ്രതിക്കെതിരെ പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.