പൊലീസ് സ്റ്റേഷനിൽ ആക്രമണം; ഏഴുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ചടയമംഗലം: ചടയമംഗലം പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ ഏഴുപേർ അറസ്റ്റിൽ. സി.ഐ.ടി.യു പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുണ്ടായ ബാർ ആക്രമണത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ഗുണ്ടാസംഘത്തിന്റെ നേതൃത്വത്തിൽ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം ആക്രമണം നടത്തിയത്.
ചടയമംഗലം സ്വദേശികളായ ഷാൻ, മുഹമ്മദ് ഷാൻ, റഷാദ്, ഷമീർ, മുബീർ, ബുഹാരി, കടയ്ക്കൽ സ്വദേശി ഷെഹിൻ എന്നിവരാണ് പൊലീസ് പിടിയിലായത്. കൊലപാതകം നടന്ന ചടയമംഗലത്തെ ബാറിനുനേരെ മദ്യപിച്ചെത്തിയ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ചടയമംഗലം പൊലീസ് ബാറിനുനേരെ ആക്രണം നടത്തിയ ഗുണ്ടാലിസ്റ്റിൽപെട്ട ബുഹാരിയെയും കൂടെയുണ്ടായിരുന്ന ഷെഹീനെയും കസ്റ്റഡിയിലെടുത്തു. തുടർന്ന് ചടയമംഗലം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽപെട്ട ചെമ്പൻ ഷാൻ എന്ന മുഹമ്മദ്ഷാന്റെ നേതൃത്വത്തിൽ കസ്റ്റഡിലെടുത്തവരെ പൊലീസ് സ്റ്റേഷനിൽനിന്ന് മോചിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
ഏഴംഗസംഘം പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞു. തടയാനെത്തിയ എസ്.ഐ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്തു. ഗുണ്ടാസംഘത്തെ ലാത്തിച്ചാർജ് ചെയ്താണ് ഓടിച്ചത്. വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്ന് കൂടുതൽ പൊലീസ് എത്തി പ്രതികളെ ചടയമംഗലത്തെ വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതേസമയം, സംഭവവുമായി സി.പി.എമ്മിന് ബന്ധമില്ലെന്ന് നേതാക്കൾ പറഞ്ഞു.