മരച്ചീനിയിൽ ഫംഗസ് ബാധ; ചടയമംഗലത്ത് കർഷകർ ദുരിതത്തിൽ
text_fieldsഫംഗസ് രോഗം പിടിപെട്ട് മരച്ചീനികൃഷി പൂർണമായി നശിച്ചനിലയിൽ
ചടയമംഗലം: മരച്ചീനി കൃഷിയിടത്തിൽ ഫംഗസ്ബാധ വ്യാപകമായതിനെ തുടർന്ന് ചടയമംഗലം മേഖലയിൽ കർഷകർ ദുരിതത്തിൽ. ഗ്രാമപഞ്ചായത്തിലെ ചാവരഴികത്ത് ഏലായിൽ അഞ്ച് ഏക്കറോളം ഭൂമിയിൽ മരച്ചീനി കൃഷിചെയ്ത കർഷകരാണ് ദുരിതത്തിലായത്. എട്ടുമാസം പ്രായമായ കപ്പയാണ് ഫംഗസ് ബാധ മൂലം നശിച്ചത്. ആദ്യം ഇല മഞ്ഞളിക്കുകയും പിന്നീട് ഇല കൊഴിഞ്ഞ് മൂട് അഴുകി കമ്പ് മറിയുകയും ചെയ്യുന്നതാണ് രോഗം.
ചടയമംഗലം പള്ളിമുക്ക് ഹനീഫ മൻസിലിൽ ഹനീഫയുടെയും ഇട്ടിയക്കര താഹയുടെയും ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് മരച്ചീനി കൃഷി നശിച്ചത്. ഇരുവരും പകൽ കൂലിപ്പണിക്ക് പോയും രാത്രി കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ശല്യം കാരണം ഉറക്കമില്ലാതെ കാവലിരുന്നും വളർത്തിയ മരച്ചീനിയാണ് പൂർണമായി നശിച്ചത്.കൃഷിവകുപ്പ് അധികൃതർ ഇടപെട്ട് വേണ്ടത്ര സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.