ചാരായം വാറ്റ്: രണ്ടുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ചടയമംഗലം: വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിവന്ന രണ്ടുപേരെ വാറ്റുചാരായവും കോടയുമായി ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ആയൂർ തേവന്നൂർ സനൽ മന്ദിരത്തിൽ സനൽകുമാർ (46), ഇളമാട് വിനോദ് മന്ദിരത്തിൽ വിനോദ് കുമാർ (39) എന്നിവരാണ് പിടിയിലായത്.
സനൽകുമാറിന്റെ സീതക്കുന്നുംപുറത്തുള്ള വീട് കേന്ദ്രീകരിച്ച് സുഹൃത്തായ വിനോദ്കുമാറുമായി ചേർന്ന് ചാരായം വാറ്റിവരുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം സി.ഐ സുനീഷിന്റെ നിർദേശപ്രകാരം ചടയമംഗലം എസ്.ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സനൽകുമാറിന്റെ വീട് റെയ്ഡ് ചെയ്യുകയായിരുന്നു.സനൽകുമാറിനെയും വിനോദിനെയും വീട്ടിൽ നിന്നുതന്നെ പിടികൂടി.
മൂന്ന് ലിറ്ററോളം വാറ്റുചാരായവും 100 ലിറ്ററോളം കോടയുമാണ് പിടികൂടിയത്. തൊട്ടടുത്ത് നടക്കുന്ന ഉത്സവത്തിന് വിറ്റഴിക്കാൻ വേണ്ടിയാണ് വാറ്റ്ചാരായ നിർമാണമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രൊബേഷൻ എസ്.ഐ അഞ്ജിത, എസ്.ഐ ഉണ്ണിക്കൃഷ്ണൻ, സി.പി.ഒ വേണു, ഡ്രൈവർ സി.പി.ഒ കൃഷ്ണചന്ദ്രൻ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.