മൊബൈൽ ഷോപ്പിൽ മോഷണം: എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
ചടയമംഗലം: ചടയമംഗലത്ത് മൊബൈൽ ഷോപ്പിൽ നിന്നും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷ്ടിച്ച് കടത്തിയ സംഭവത്തിൽ എൻജിനീയറിങ് വിദ്യാർഥി ഉൾപ്പെടെ മൂന്നുപേരെ ചടയമംഗലം പൊലീസ് പിടികൂടി. കല്ലമ്പലം സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ആഷിക്, എൻജിനീയറിങ് വിദ്യാർഥി മുഹമ്മദ് ഇർഫാൻ എന്നിവരാണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ കിളിമാനൂർ സ്വദേശി ജസീം ഒളിവിലാണ്.
ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രി ഒന്നര മണിയോടെ ചടയമംഗലത്ത് പ്രവർത്തിക്കുന്ന പഞ്ചമി എന്ന മൊബൈൽ കടയുടെ പിൻഭാഗം പൊളിച്ച് കടയിൽ സൂക്ഷിച്ചിരുന്ന 50 ഓളം മൊബൈൽ ഫോണുകളും മൂന്ന് ലാപ്ടോപ്പുകളും ജസീമും അൽഅമീനും ചേർന്നു മോഷ്ടിച്ചു. മോഷണത്തിനുശേഷം ബൈക്കിൽപോയ മോഷ്ടാക്കൾ കാറിൽ കാത്തുനിന്ന മറ്റു രണ്ടുപേരുടെ പക്കൽ ബാഗിൽ കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകൾ ഏൽപ്പിച്ചു.മൊബൈൽ ഫോണുകൾ വിൽക്കുന്നതിന് ജെസീമും അൽ അമീനും കാറിൽ എറണാകുളത്തേക്ക് പോയെങ്കിലും വിൽക്കാനായില്ല. തൊട്ടടുത്ത ദിവസം ചെന്നൈയിൽ കൊണ്ടുപോയി മൊബൈൽ ഫോണുകൾ സംഘം വിൽക്കുകയും ചെയ്തു.
സംഭവത്തിൽ നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ചടയമംഗലം പൊലീസ് പ്രതികളിലേക്ക് എത്തിച്ചേർന്നത്. അറസ്റ്റിലായ മൂന്നു പ്രതികളെയും പ്രതികളുടെ കല്ലമ്പലത്തെ വീട്ടിൽ നിന്നുമാണ് കഴിഞ്ഞദിവസം രാത്രി പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതിയ ജസീമിന്റെ ഉടമസ്ഥതയിൽ കല്ലമ്പലത്തുള്ള പഞ്ചറുകടയിൽനിന്നും ലാപ്ടോപ്പുകളും ബാക്കി മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.