ചാത്തന്നൂരിൽ ഭീഷണിയായി മദ്യപ-മയക്കുമരുന്ന്-ഗുണ്ടാ സംഘങ്ങൾ
text_fieldsചാത്തന്നൂർ: ചാത്തന്നൂരിന് ഭീഷണിയായ മദ്യപ-മയക്കുമരുന്ന്-ഗുണ്ടാ സംഘങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. ചാത്തന്നൂർ ജങ്ഷന് സമീപമുള്ള ചാത്തന്നൂർ-കൊട്ടാരക്കര റോഡിലും സേവ്യർ ബാറിന് സമീപവും തമ്പടിക്കുന്ന മദ്യപസംഘങ്ങളും മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഗുണ്ടാസംഘങ്ങളുമാണ് നാടിന് ഭീഷണിയാകുന്നത്. രാപകലില്ലാതെയുള്ള ഗുണ്ടായിസവും പിടിച്ചുപറിയും മൂലം ഭയന്നാണ് ജനങ്ങളുടെ യാത്ര. പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും പതിവാണ്.
തമിഴ്നാട് സ്വദേശികൾ നടത്തുന്ന കടകളിലാണ് കൂടുതലും ആക്രമണങ്ങൾ. അടുത്തിടെയാണ് പട്ടാപ്പകൽ ചാത്തന്നൂർ ജങ്ഷനിൽ ബാറിന് സമീപമുള്ള പച്ചക്കറി കടയിൽ കയറിയ ഗുണ്ടാസംഘങ്ങൾ സ്ത്രീകളെയടക്കം ആക്രമിച്ചത്. കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ ഓട്ടോഡ്രൈവർ സാധനം വാങ്ങി പണം നൽകാതെ കടയിലെ സ്ത്രീകൾക്ക് നേരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
നിരവധി പരാതികൾ പൊലീസിന് നൽകിയിട്ടും നടപടി ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാരുടെയും കച്ചവടക്കാരുടെയും പരാതി. അനധികൃത പണപ്പിരിവ് സജീവമായതോടെ നാട്ടുകാർ പൊറുതിമുട്ടി. വിവിധ സന്നദ്ധസംഘടനകളുടെ മറവിൽ സംഘമായി പ്രദേശത്തെത്തുന്ന സ്ത്രീകളും യുവാക്കളും അടങ്ങിയ സംഘമാണ് വീടുവീടാന്തരം കയറിയിറങ്ങി പണപ്പിരിവ് നടത്തുന്നത്. ഇവർ വ്യാജ രസീതും നൽകുന്നുണ്ട്. തുക കുറഞ്ഞുപോയാൽ ഭീഷണിപ്പെടുത്തും. അടിയന്തരമായി പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കി സ്ഥിരമായി ഉണ്ടാകുന്ന ആക്രമണസംഭവങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമായി.