ക്രിമിനൽ കേസ് പ്രതി വധശ്രമത്തിന് അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷാൻ
ചാത്തന്നൂർ: വീട്ടിൽ അതിക്രമിച്ച് കടന്ന് ഗൃഹനാഥനെ വാൾ കൊണ്ട് വെട്ടിയ കേസിൽ പ്രതിയെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ ഇടവ താഹ മൻസിലിൽ മുഹമ്മദ് ഷാൻ (26) ആണ് അറസ്റ്റിലായത്.
വെളിച്ചിക്കാല സ്വദേശി താജുദീനെയാണ് ഇയാൾ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ചത്. തൊഴിൽ സ്ഥലത്ത് താജുദീന്റെ ഭാര്യയും പ്രതിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി പത്തോടെ വെളിച്ചിക്കാലയിലെ വീട്ടിൽ മാരകായുധവുമായി അതിക്രമിച്ച് കയറി താജുദീനെയും ഭാര്യയേയും വെട്ടുകയായിരുന്നു. അയിരൂർ, പാരിപ്പള്ളി സ്റ്റേഷനുകളിൽ പിടിച്ചുപറി, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദ് ഷാൻ എന്ന് പൊലീസ് പറഞ്ഞു.
ചാത്തന്നൂർ ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജുബാൽ, വിനു, രാജേഷ്, സി.പി.ഒമാരായ പ്രശാന്ത്, ആന്റണി തോബിയാസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.