ആയിരവില്ലി വെള്ളച്ചാട്ടം ടൂറിസം കേന്ദ്രമാക്കണമെന്ന് ആവശ്യം
text_fieldsആയിരവില്ലി വെള്ളച്ചാട്ടം
ചാത്തന്നൂർ: ചിറക്കരയിലെ ആയിരവില്ലി വെള്ളച്ചാട്ടം ടൂറിസം കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ ചിറക്കര ആയിരവില്ലി വെള്ളച്ചാട്ടം കാണാൻ നിരവധി പേരാണ് എത്തുന്നത്. മരങ്ങളും വള്ളിപ്പടർപ്പുകളും കൃഷ്ണവർണ്ണശിലയും ഒരുക്കുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ആണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്.
ചിറക്കര പഞ്ചായത്തിലെ ഏറംതെക്ക്, ചിറക്കര വാർഡുകൾ അതിർത്തി പങ്കിടുന്ന സ്ഥലത്ത്, ആയിരവില്ലിക്കാവിന് പിന്നിലാണ് മനോഹരമായ ഈ വെള്ളച്ചാട്ടം. ദേശീയപാതയിൽ കല്ലുവാതുക്കൽ കുരിശുംമൂട് ജങ്ഷനിൽ നിന്നും രണ്ട് കിലോമീറ്ററും പാരിപ്പള്ളി പരവൂർ റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിലുമാണുള്ളത്.
കല്ലുവാതുക്കൽ വലിയപാറയിൽ നിന്നും ഉത്ഭവിച്ച് ആയിരവില്ലിക്ഷേത്രത്തിന്റെ അടിയിലുള്ള ഗുഹാമുഖത്ത് കൂടി പുറത്തേക്ക് വരുന്ന നിലയിലാണ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. പഴമക്കാർ ഈ ജലത്തെ കുടിവെള്ളമായി ഉപയോഗിച്ചിരുന്നു. കടുത്തവേനലിലും തണുത്ത തെളിനീർ ഇവിടെ ലഭിക്കുന്നു. കഴിഞ്ഞ കൊറോണ കാലത്താണ് ഈ വെള്ളച്ചാട്ടത്തെക്കുറിച്ച് പുറംലോകം കാര്യമായി ശ്രദ്ധിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലക്ക് പുറത്ത് നിന്നും നിരവധി ആൾക്കാർ ഇപ്പോൾ ഇവിടെ സന്ദർശനത്തിന് എത്തുന്നുണ്ട്. എന്നാൽ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം ഇവിടേക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ടാണ്. ജില്ലയുടെ ടൂറിസം ഭൂപടത്തിൽ ആയിരവില്ലി വെള്ളച്ചാട്ടത്തെ ഉൾപ്പെടുത്തിയാൽ ഈ പ്രദേശത്ത് ധാരാളം വികസനങ്ങൾ ഉണ്ടാകും. മികച്ച ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രമായി വളർത്തി എടുക്കാനും കഴിയും.
ചിറക്കര പഞ്ചായത്തും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് ആയിരവില്ലി വെള്ളച്ചാട്ടത്തെ ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ചിറക്കര പഞ്ചായത്തിലെ തന്നെ മാലാക്കായലും പോളച്ചിറയും പോലെ പ്രാധാന്യമർഹിക്കുന്ന സ്ഥലമാണ് ആയിരവില്ലി വെള്ളച്ചാട്ടവും. ഇതിന്റെ വികസനത്തിന് അടിയന്തരമായി അധികൃതർ മുൻകൈ എടുക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.