വെള്ളം, വൈദ്യുതി കണക്ഷനുകളില്ല; കുടുംബക്ഷേമ ഉപകേന്ദ്രം കെട്ടിടം നോക്കുകുത്തി
text_fieldsനിർമാണംപൂർത്തിയായ കുടുംബക്ഷേമ ഉപകേന്ദ്രം
ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിലെ കല്ലുവാതുക്കൽ പാറ ജങ്ഷനിൽ സമുദ്രതീരം വയോജന കേന്ദ്രത്തിനടുത്ത് കുടുംബക്ഷേമ ഉപകേന്ദ്രത്തിനുള്ള കെട്ടിടം നിർമാണം പൂർത്തിയായിട്ടും വൈദ്യുതിയും വെള്ളവുമില്ലാത്തതിനാൽ നോക്കുകുത്തിയായി. 2017ലെ പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം കല്ലുവാതുക്കൽ പാറയിൽ റവന്യൂ പുറമ്പോക്കിലെ അഞ്ചുസെന്റ് സ്ഥലത്ത് കെട്ടിട നിർമാണത്തിനായി ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയിൽ (എൻ.ആർ.എച്ച്.എം) നിന്ന് 37.5 ലക്ഷം രൂപ അനുവദിച്ചു.
നിർമിതി കേന്ദ്രമാണ് കെട്ടിടം നിർമിച്ചത്. കെട്ടിടം നിർമിച്ച സമയത്ത് പുറമ്പോക്കിൽ നിന്ന് അധികമായി മൂന്ന് സെന്റ് കൂടി എടുത്തിരുന്നു. ഈ ഭൂമി ഇതുവരെയും ആരോഗ്യവകുപ്പിന് കൈമാറാത്തതാണ് ഉപകേന്ദ്രം തുറക്കാനുള്ള തടസ്സങ്ങളിൽ ഒന്ന്. പാരിപ്പള്ളിയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിന്റെ സേവനം പഞ്ചായത്തിലെ എല്ലാവർക്കും ലഭിക്കുന്നില്ല. പുതിയ ഉപകേന്ദ്രം തുറന്നാൽ തൊട്ടടുത്ത് പ്രവർത്തിക്കുന്ന വയോജന കേന്ദ്രത്തിനും സേവനം ലഭ്യമാകും.
കല്ലുവാതുക്കൽ പഞ്ചായത്തിലെ 23 വാർഡുകളിലായി 75,000 ജനങ്ങളുണ്ട്. 30,000 പേർക്ക് ഒരു ആരോഗ്യകേന്ദ്രം എന്നതാണ് ദേശീയ ശരാശരി. ഉപകേന്ദ്രം തുറന്നുപ്രവർത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടത് ആരോഗ്യവകുപ്പും പാരിപ്പള്ളി കുടുംബാരോഗ്യകേന്ദ്രവുമാണ്. ഇവരുടെ മെല്ലെപ്പോക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വെള്ളത്തിനും വൈദ്യുതിക്കും വേണ്ടി പഞ്ചായത്തിൽ ഇതുവരെ അപേക്ഷ പോലും നൽകിയിട്ടില്ല. ആരോഗ്യവകുപ്പ് അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം