കാസർകോട്ട് ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
text_fieldsചാത്തന്നൂർ: നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും പിടികിട്ടാപുളളിയുമായ നെടുമ്പന കുളപ്പാടം ജാബിര്‍ മന്‍സിലില്‍ മുഹമ്മദ് അന്‍വറിനെ (37) ചാത്തന്നൂർ പൊലീസ് കാസർകോട് നിന്നും പിടികൂടി. കൊട്ടിയം സിതാര ജംഗ്ഷന് സമീപമുള്ള വീട്ടില്‍ കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2012 ല്‍ കുളപ്പാടത്ത് രാഷ്ട്രിയ പ്രവര്‍ത്തകരായ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെയും പ്രധാന പ്രതിയാണ് ഇയാൾ. കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇയാള്‍ കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോവുകയായിരുന്നു.
ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന കാസര്‍ഗോഡ് ബേക്കലുളള വീട്ടില്‍ നിന്നാണ് ഇയാളെ വ്യാഴാഴ്ച പുലർച്ചെ ചാത്തന്നൂര്‍ പൊലീസ് പിടികൂടിയത്. വിചാരണ കോടതി കൂട്ടു പ്രതികളെ ശിക്ഷിച്ചുവെങ്കിലും അന്‍വര്‍ ദീര്‍ഘകാലം ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാത്തന്നൂര്‍ അസി. പൊലീസ് കമ്മീഷണര്‍ അലക്സാണ്ടര്‍ തങ്കച്ചന്റെ നേതൃത്വത്തില്‍, ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ അനൂപ്, സി.പി.ഒ മാരായ രാജീവ്, ആന്റണി തോബിയാസ്, ഹസീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.