പൊലീസിന്‍റെ അതിബുദ്ധിയിൽ നിരപരാധിക്ക് പീഡനം; തീർപ്പായ’ കേസിലെ പ്രതിയെ വാതിൽ ചവിട്ടിപ്പൊളിച്ച് കസ്‌റ്റഡിയിലെടുത്ത് പൊലീസ്
text_fieldsചാത്തന്നൂർ: തീർപ്പായ കേസിലെ പ്രതിയായിരുന്ന ഗൃഹനാഥനെ പഴയ വാറന്‍റിന്‍റെ പേരിൽ രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി കസ്‌റ്റഡിയിലെടുത്ത് ചാത്തന്നൂർ പൊലീസ്.
പള്ളിമൺ മുകളുവിള വീട്ടിൽ വി.ആർ അജികുമാറിനെയാണ് (53) ചാത്തന്നൂർ പൊലീസ് ബുധൻ രാത്രി 12ന് കസ്റ്റഡിയിലെടുത്തത്. തങ്ങൾക്ക് അബദ്ധം പറ്റിയെന്ന് മനസ്സിലായിട്ടും ഗൃഹനാഥനെ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ഇരുത്തി ഒടുവിൽ പുലർച്ചെ മൂന്നിനാണ് ഗൃഹനാഥന്‍റെ വീട്ടുകാരെ വിളിച്ചു വരുത്തി വിട്ടയച്ചത്.
അജികുമാറും സമീപവാസിയും തമ്മിൽ 2013ൽ കടയുടെ വാടകയുമായി ബന്ധപ്പെട്ട് ചില തർക്കമുണ്ടായിരുന്നു ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരുടെയും പരാതികളിൽ ചാത്തന്നൂർ പൊലീസ് കേസെടുത്തിരുന്നു. ഏതാനും മാസം. മുമ്പ് രണ്ടുപേർക്കും സമൻസ് വന്നു. ആദ്യ ഹിയറിങ് ദിവസങ്ങളിൽ കോടതിയിൽ ഹാജരാകാഞ്ഞതിനാൽ അജിക്ക് പരവൂർ കോടതി വാറന്‍റ് പുറപ്പെടുവിച്ചു അതിന് ശേഷം അജി കോടതിയിൽ ഹാജരായി ജാമ്യമെടുത്തു.
രണ്ട് പേരും ഒത്തുതീർപ്പിലെത്തിയതോടെ കഴിഞ്ഞ ജനുവരി 29ന് രണ്ടു പേരെയും വെറുതേ വിട്ട് കോടതി കേസ് തീർപ്പാക്കി. എന്നാൽ ഇതൊന്നുമറിയാതെ ഒന്നര മാസത്തിലേറെ പഴക്കമുള്ള വാറന്‍റുമായി ബുധൻ രാത്രി ചാത്തന്നൂർ സിഐയുടെ നേതൃത്വത്തിൽ എത്തിയ അഞ്ച് അംഗം പൊലീസ് സംഘം അജികുമാറിനെ കഡിയിലെടുക്കുകയായിരുന്നു. മതിൽ ചാടികടന്ന് എത്തിയ പൊലീസ് കോളിങ് ബല്ല് അടിച്ചുവത്രെ. ഈ സമയം അജികുമാർ ഉറക്കമായിരുന്നു. പ്ലസ് വിദ്യാർഥിയായ മകളും ഭാര്യയും ജനൽ തുറന്ന് ആരാന്നു ചോദിച്ചപ്പോൾ കതക് തുറക്കാൻ പൊലീസ് ആക്രോശിച്ചു. വാതിൽ തുറക്കാനായി ശ്രമിക്കവേ പെട്ടെന്ന് ചവിട്ടി പൊളിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.
പിന്നീട് ഉറങ്ങിക്കിടക്കുകയായിരുന്ന അജികുമാറിനെ കട്ടിലിൽ നിന്ന് വലിച്ചിഴച്ച് വീടിന് പുറത്തേക്ക് കൊണ്ട് പോയെന്നാണ് പരാതി. ഭാര്യയും മക്കളും ഇതു കണ്ടു നിലവിളിച്ചപ്പോൾ അവരോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും അജികുമാർ പറയുന്നു.
പല തവണ ചോദിച്ചിട്ടും മറുപടി നൽകാതെ പൊലീസ് അസഭ്യം പറയുകയായിരുന്നു. കൂടാതെ ഒട്ടേറെ തവണ കഴുത്തിന് പിടിച്ച് തള്ളി. ഷർട്ട് ധരിക്കാൻ ആദ്യം അനുവദിച്ചില്ല. പിന്നീട് മകളുടെ മുന്നിൽ വച്ച് അടിവസ്ത്രം ധരിക്കാൻ നിർബന്ധിച്ചുവെന്നും അജികുമാർ ആരോപിക്കുന്നു. എന്നാൽ പിന്നീട് അബദ്ധം മനസ്സിലായ പൊലീസ് സ്റ്റേഷനിലേക്ക് അജികുമാറിനെ കൊണ്ടു പോയ ശേഷം പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. ചാത്തന്നൂർ സി.ഐ തന്നെയും മകളെയും ഭീഷണിപ്പെടുത്തിയതായി ആരോപിച്ചും വീടിന്‍റെ വാതിൽ തകർത്തതായും ചൂണ്ടിക്കാട്ടി സംഭവത്തിന്‍റെ ദൃശ്യങ്ങൾ സഹിതം കമ്മിഷണർക്ക് അജികുമാർ പരാതി നൽകി. കമ്മിഷണർക്ക് പുറമേ മുഖ്യമന്ത്രി ഡിജിപി എന്നിവർക്കും പരാതി നൽകി. അതേസമയം സ്പെഷൽ ഡ്രൈവിന്‍റെ ഭാഗമായാണ് അജി അടക്കമുള്ളവരെ ഇന്നലെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.