ഇത്തിക്കരയാർ തീരത്ത് വൻതോതിൽ കൈയേറ്റം; ചെറുവിരലനക്കാതെ വകുപ്പുകൾ
text_fieldsഇത്തിക്കരയാറിന്റെ തീരത്തേക്ക് വാഹനങ്ങൾ പോകുന്നതിനുണ്ടാക്കിയ വഴി
ചാത്തന്നൂർ: ഇത്തിക്കരയാറിന്റെ തീരപ്രദേശങ്ങൾ വൻതോതിൽ കൈയേറി ഭൂമാഫിയ നിർമാണപ്രവർത്തനങ്ങൾ നടത്തിയിട്ടും നടപടിയെടുക്കാതെ വകുപ്പുകൾ. ചാത്തന്നൂർ പഞ്ചായത്തിന്റെ ഞവരൂർ വാർഡിലെ ആറ്റിന്റെ തീരങ്ങളിലാണ് നിർമാണപ്രവർത്തനങ്ങൾ തകൃതിയായി നടത്തിയത്. ഇവിടത്തെ പരിസ്ഥിതിലോലപ്രദേശങ്ങൾ പാട്ടത്തിന് ഭൂമി വാങ്ങി പൈതൃക സംരക്ഷണഭിത്തികളും വെള്ളപ്പൊക്കം തടയുന്നതിനുവേണ്ടി സർക്കാർ നിർമിച്ച ബണ്ടുകളും തകർക്കുകയാണ്.
പൈതൃകസംരക്ഷണഭിത്തികൾ വൻതോതിൽ ഇടിച്ചുനിരത്തി മണ്ണ് കടത്തുകയും നാലുപതിറ്റാണ്ട് മുമ്പ് വെള്ളപ്പൊക്കത്തെത്തുടർന്ന് സർക്കാർ നിർമിച്ച ബണ്ട് ഇടിച്ചുനിരത്തി ആറ്റുതീരത്തേക്ക് വാഹനങ്ങൾക്ക് വഴിയുണ്ടാക്കിയുമാണ് നിർമാണപ്രവൃത്തികൾ. വൻമരങ്ങൾ മുറിച്ചുകടത്തി ചെറുമരങ്ങൾ തീരത്തേക്ക് തള്ളി ബണ്ടിൽ കോൺക്രീറ്റ് കമ്പിവേലി നിർമിച്ചാണ് നിർമാണപ്രവർത്തികൾ. കുറുങ്ങൽ ഏലായിലേക്കുള്ള ജലസേചനവകുപ്പിന്റെ ചെറുതോടിന്റെ സംരക്ഷണഭിത്തികൾ തകർത്തതും വെള്ളപ്പൊക്കം തടയുന്നതിനുള്ള ബണ്ട് തകർത്തതും ഗുരുതരമായ കുറ്റമാണെന്നിരിക്കെ ഒരുവിധ നടപടിയും ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് ഉണ്ടായിട്ടില്ല. ഈ വസ്തുക്കളിലേക്കുള്ള യഥാർഥ വഴി ആറ്റിന്റെ തീരത്തുകൂടിയായതിനാൽ ബണ്ടിന്റെ എതിർവശത്ത് റോഡ് സൈഡിലുള്ള ഭൂമി വാങ്ങി റോഡ് നിർമിച്ച് മണ്ണുമാന്തി യന്ത്രങ്ങൾ സർക്കാർ ഭൂമി വഴി ആറ്റിന്റെ തീരത്ത് കൊണ്ടുവന്നായിരുന്നു നിർമാണ പ്രവൃത്തികൾ. ഇവ കർഷകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞെങ്കിലും തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് ഉണ്ടാവാഞ്ഞതിൽ ശക്തമായ പ്രതിഷേധമുണ്ട്.
ബണ്ട് പൂർവസ്ഥിതിയിലാക്കാനോ ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിനോ ബന്ധപ്പെട്ട അധികാരികൾ നടപടി സ്വീകരിച്ചിട്ടില്ല. കാലവർഷത്തിൽ ഇത്തിക്കരയാറ്റിൽ ജലനിരപ്പുയർന്ന് വെള്ളപ്പൊക്കം ഉണ്ടാവുന്ന പ്രദേശമാണിത്. ബണ്ട് കെട്ടി തീരത്തിന് സംരക്ഷണം ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.