പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ല ; താഴം വാർഡിലെ പകൽവീട് നാശോന്മുഖം
text_fieldsചാത്തന്നൂർ ഗ്രാമപഞ്ചായത്ത് താഴം വാർഡിലെ പകൽവീട്
ചാത്തന്നൂർ: ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് താഴം വാർഡിൽ നിർമിച്ച പകൽവീട് നോക്കുകുത്തിയായി. പഞ്ചായത്ത് അധികൃതർ തിരിഞ്ഞുനോക്കാത്തതുമൂലം മുറ്റമാകെ കാടുവളർന്നു. കിണറിനകം ഇടിഞ്ഞുതാണു. ഒപ്പം കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്ന് നാശത്തിലേക്ക് നീങ്ങുകയാണ്. ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്ത കെട്ടിടം കുറച്ച് നാൾ പ്രവർത്തിച്ചിരുന്നു. വൃദ്ധജനങ്ങളുടെ ക്ഷേമവും പരിപാലനവുമായിരുന്നു ലക്ഷ്യം.
പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റക്കാവുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാനും ഒത്തുകൂടുന്നതിനും പറ്റിയ ഇടമായിരുന്നു ഇത്. ഭക്ഷണം കഴിക്കാനും ടി.വി കാണാനും കാരംസ്, ചെസ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള സൗകര്യമുണ്ടായിരുന്നു.
പ്രായമായവരുടെ സംഘടനകൾ ഇവിടെ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി പകൽവീട്ടിൽ സൗജന്യ ഉച്ചഭക്ഷണവും ക്രമീകരിച്ചിരുന്നു. ഇതെല്ലാം ദിവസങ്ങൾക്കകം തന്നെ നിലച്ചതോടെ കെട്ടിടം കാടുമൂടി. ഇപ്പോൾ ഗേറ്റ് പോലും അടക്കാറില്ല.
പകൽ പഞ്ചായത്തിന്റെ ഉത്തരവാദിത്തമുള്ള ആരും തിരിഞ്ഞുനോക്കാത്തതാണ് പ്രവർത്തനം നിലക്കാൻ കാരണമെന്നാണ് ആക്ഷേപം. ഇതേ കെട്ടിടത്തിനോട് ചേർന്ന് ആരംഭിച്ച ബഡ്സ് സ്കൂൾ കെട്ടിടനിർമാണവും മെല്ലെപ്പോക്കിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.