യുവാവിനെയും സുഹൃത്തിനെയും അക്രമിച്ച പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ചാത്തന്നൂർ: മുൻവിരോധം നിമിത്തം യുവാവിനെയും സുഹൃത്തിനെയും മാരകായുധങ്ങളുമായി അക്രമിച്ച പ്രതികൾ മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി.ഇടവ, വെൺകുളം പുല്ലൂർവിള വീട്ടിൽ മുഹമ്മദ് ഷാ (26), വെളിച്ചിക്കാല ഉണ്ണിഭവനിൽ ഉണ്ണിലാൽ(39) എന്നിവരാണ് ചാത്തന്നൂർ പൊലീസിന്റെ പിടിയിലായത്. ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി കിഷോറിനെയും ഇയാളുടെ സുഹൃത്ത് വിശാഖിനെയുമാണ് പ്രതികൾ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്.
വിശാഖും പ്രതികളും തമ്മിൽ മുമ്പ് തർക്കമുണ്ടായതിന്റെ വിരോധം നിമിത്തം ഞായറാഴ്ച ഉച്ചക്ക് രണ്ടരമണിയോടെ ആദിച്ചനല്ലൂർ ജങ്ഷന് സമീപംവെച്ച് കിഷോറും വിശാഖും യാത്രചെയ്ത ബൈക്ക് തടഞ്ഞുനിർത്തിയ ശേഷം പ്രതികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിശാഖിന്റെ മുതുകിൽ കുത്തേൽക്കുകയും കിഷോറിന്റെ തലയിലും ചെവിയിലും ആഴത്തിൽ വെട്ടേൽക്കുകയും ചെയ്തു. വിവരമറിഞ്ഞ ഉടൻ, ചാത്തന്നൂർ എ.സി.പി അലക്സാണ്ടർ തങ്കച്ചന്റെ നിർദേശപ്രകാരം സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ മുഹമ്മദ് ഷായെന്ന് പൊലീസ് പറഞ്ഞു. ഉണ്ണിലാലിനെതിരെയും സമാനമായ കുറ്റകൃത്യങ്ങൾക്ക് ചാത്തന്നൂർ പൊലീസ് മുമ്പും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാത്തന്നൂർ സബ് ഇൻസ്പെക്ടർ ബിജുബാലിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷാജി, രാജേഷ്, എ.എസ്.ഐ. സജി, സി.പി.ഒ മാരായ കണ്ണൻ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.