റവന്യു ഭൂമിയിലെ പെട്ടികടകൾ പൊളിച്ചുമാറ്റി
text_fieldsജെ.സി.ബി ഉപയോഗിച്ച് കടകൾ നീക്കം ചെയ്യുന്നു
ചാത്തന്നൂർ: റവന്യു ഭൂമിയിൽ വർഷങ്ങളായി പ്രവർത്തിച്ച പെട്ടികടകളും ചായകടകളും നാട്ടുകാരുടെ എതിർപ്പ് മറികടന്നു റവന്യു വകുപ്പ് അധികൃതർ പൊളിച്ചുമാറ്റി. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോക്ക് എതിർവശമുള്ള റവന്യു ഭൂമിയിൽ താത്കാലികമായി സ്ഥാപിച്ചിരുന്ന പെട്ടികടകളും ചായ കടകളുമാണ് ഒഴിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ എത്തിയ ഉദ്യോഗസ്ഥ സംഘത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഇന്നലെ രാവിലെ ആറുമണിയോടെയാണ് കൊല്ലം താലൂക്ക് തഹസിൽദാരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തിയത്.
തുടർന്ന് കച്ചവടക്കാരും നാട്ടുകാരും ജനപ്രതിനിധികളും സംഘടിച്ചെത്തി സാവകാശം ചോദിച്ചുവെങ്കിലും വഴങ്ങാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. തുടർന്ന് കച്ചവടക്കാരുമായും ജനപ്രതിനിധികളുമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ കടകളിൽ ഉണ്ടായിരുന്ന സാധനങ്ങൾ എല്ലാം കടക്കാർ തന്നെ മാറ്റി. കടകൾ പൊളിച്ചതോടെ ഉദ്യോഗസ്ഥർ സ്ഥലം അക്വയർ ചെയ്തു മടങ്ങി. രാഷ്ട്രീയ പാർട്ടികളുടെ കൊടി മരങ്ങളും പരസ്യബോർഡുകളുമടക്കം പൊളിച്ചു മാറ്റി. ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന് അനുബന്ധമായ ഓഫീസ് സമൂച്ചയത്തിനായുള്ള കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി നൽകിയ സ്ഥലമാണിത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി കടകൾ ഒഴിപ്പിച്ചത്.
കണ്ണീരോടെ അവർ മടങ്ങി
ചാത്തന്നൂർ: ഉപജീവന മാർഗമായ കടകൾ പൊളിച്ചു മാറ്റിയതോടെ തുച്ഛമായ വരുമാനം കൊണ്ട് നിത്യവൃത്തി നടത്തിയിരുന്ന , മാരക രോഗങ്ങൾക്ക് മരുന്നുകൾ വാങ്ങിയിരുന്ന അവർ കണ്ണീരോടെ കൈയിൽ കിട്ടിയതുമായി തിരിച്ചു പോയി. ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിലെ റവന്യൂ ഭൂമിയിൽ താത്ക്കാലികകടകൾ കെട്ടി വർഷങ്ങളായി കച്ചവടം ചെയ്തിരുന്നവരാണ് ദുരിതത്തിലായത്.
വിധവകളും ഹൃദ്രോഗം, കാൻസർ തുടങ്ങിയ മാരകരോഗങ്ങൾ ബാധിച്ചവരും അപകടത്തിൽ മാരകമായി പരിക്കേറ്റവരും ഉൾപ്പെടെ ആറ് പേരാണ് ഇവിടെ താത്ക്കാലിക കടകൾ കെട്ടി കച്ചവടം ചെയ്തു വന്നിരുന്നത്. ഇവർക്ക് നിരവധിതവണ ഒഴിഞ്ഞു പോകാൻ റവന്യൂ അധികൃതർ നോട്ടീസ് നൽകിയിരുന്നു.
സംഭവസ്ഥലത്ത് തടിച്ചുകൂടിയ വ്യാപാരികൾ
അവസാനം ഒഴിഞ്ഞു പോകാൻ നോട്ടീസ് നൽകിയപ്പോൾ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് നടപടി ഒഴിവാക്കുകയായിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ യാതൊരു മുന്നറിയിപ്പുമില്ലാതെ പൊലീസ് അകമ്പടിയോടെ റവന്യൂ സംഘം ജെ.സി.ബിയും ടിപ്പറുമായി എത്തി. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. ദിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ ആർ. സന്തോഷ്, സിന്ധു ഉദയൻ തുടങ്ങിയവർ സ്ഥലത്തെത്തി.
പൊളിച്ചു മാറ്റാൻ പത്തു ദിവസത്തെ സാവകാശം ചോദിച്ചു. ഭൂരേഖ തഹസിൽദാർ ഡോണൽ ലാവോസിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം അത് മുഖവിലക്ക് പോലുമെടുക്കാതെ ഒരു മണിക്കൂറിനകം പൊളിച്ചു മാറ്റാൻ നിർദ്ദേശിച്ചു. നാട്ടുകാരുടെ സഹായത്തോടെ കടയുടമകൾ കണ്ണീരോടെ കടകൾ പൊളിച്ചു മാറ്റി. കടകൾ സ്ഥാപിച്ചിരുന്ന സ്ഥലം നിരപ്പാക്കിയ ശേഷമാണ് റവന്യൂ സംഘം പിരിഞ്ഞു പോയത്.


