ജലസ്രോതസുകളിൽ ശുചിമുറി മാലിന്യം; നാട്ടുകാർ ആശങ്കയിൽ
text_fieldsതോട്ടിൽ മാലിന്യംതള്ളിയ നിലയിൽ
ചാത്തന്നൂർ: പൊതുസ്ഥലങ്ങളിലും ജലസ്രോതസുകളിലും ശുചിമുറി മാലിന്യം തള്ളുന്നത് വ്യാപകമായതിനെ തുടർന്ന് നാട്ടുകാർ ആശങ്കയിൽ. ബുധനാഴ്ച രാത്രി ചാത്തന്നൂരിലെ പ്രധാന ജലസ്രോതസ് ആയ ചാത്തന്നൂർ തോട്ടിൽ ഏറം ഊറ്റുകുഴി ഭാഗത്ത് ടാങ്കർലോറിയിൽ കൊണ്ടുവന്ന മാലിന്യം നിക്ഷേപിച്ചത് ശക്തമായ പ്രതിഷേധത്തിന് കാരണമായി.
വ്യാഴാഴ്ച രാവിലെയാണ് ശുചിമുറി മാലിന്യം ഒഴുക്കിയത് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശവാസികൾ കുടിവെള്ളത്തിനും കുളിക്കുന്നതിനും പശുക്കൾക്ക് ആഹാരം കൊടുക്കുന്നതിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും ഉപയോഗിക്കുന്ന ചാത്തന്നൂർ തോട്ടിൽ മാലിന്യം ഒഴുക്കിയതോടെ കിണറുകൾ ഇല്ലാതെ തോടിനെ ആശ്രയിക്കുന്നവർ ദുരിതത്തിലായി.
ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇത്തിക്കരയാറിന്റെ ആളൊഴിഞ്ഞ സ്ഥലങ്ങളിലും ചെറുതും വലുതുമായ തോടുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും ഇതേ രീതിയിൽ മാലിന്യം തള്ളൽ പതിവായിട്ടുണ്ട്.
പൊലീസ് രാത്രികാല പട്രോളിങ് നടത്തുന്ന സ്ഥലങ്ങളിൽപോലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ചാത്തന്നൂരിന്റെ ഉൾപ്രദേശങ്ങൾ നല്ല രീതിയിൽ അറിയാവുന്ന മാഫിയ സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു. മാലിന്യം തള്ളാൻ വരുന്നവർക്ക് ഗുണ്ടാസംഘങ്ങളുടെ സംരക്ഷണവും ലഭിക്കുന്നുണ്ടെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഗുരുതരമായ പകർച്ചവ്യാധികൾ ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.


