അനധികൃത മണ്ണ് ഖനനം: ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും പിടികൂടി
text_fieldsപൊലീസ് പിടിച്ചെടുത്ത മണ്ണു മാന്തി യന്ത്രവും ടിപ്പർ ലോറിയും
ചാത്തന്നൂർ: അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയ ടിപ്പർ ലോറിയും മണ്ണുമാന്തി യന്ത്രവും പാരിപ്പള്ളി പൊലീസ് പിടികൂടി. ചിറക്കര പഞ്ചായത്ത് സെക്രട്ടറി ഖനനത്തിന് അനുമതി നൽകിയ സ്ഥലത്തുനിന്നാണ് പാസില്ലാതെ മണ്ണ് കടത്തിയ ലോറി പൊലീസ് പിടികൂടിയത്.
ചാത്തന്നൂർ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കരമണൽ ഖനനവും കടത്തും വ്യാപകമായതായി ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പരിശോധന പൊലീസ് ഊർജിതമാക്കിയത്. ചിറക്കരത്താഴം ഭാഗത്ത് പഞ്ചായത്ത് സ്ഥലം പരിശോധിക്കാതെ അഞ്ച് ലോഡ് മണ്ണ് എടുക്കുന്നതിന് അനുമതി കൊടുത്ത സ്ഥലത്ത് പൊലീസ് പരിശോധിച്ചതിൽ പാസ് അനുവദിച്ച അളവിൽ കൂടുതൽ കടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടു.
അനധികൃതമായി കടത്തിയ മണ്ണിന്റെ അളവ് നിശ്ചയിക്കുന്നതിന് റവന്യൂ വകുപ്പിന് റിപ്പോർട്ട് നൽകുമെന്നും റോയൽറ്റിയുടെ അഞ്ച് ഇരട്ടി തുക പിഴ അടപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എസ്.ഐ പറഞ്ഞു. പിടിച്ചെടുത്ത യന്ത്രങ്ങൾ കലക്ടർക്ക് കൈമാറി. പാരിപ്പള്ളി പൊലീസ് കേസെടുത്തു.


