ചിറക്കരയിലും ഉളിയനാടും കാട്ടുപന്നി ശല്യം വ്യാപകം
text_fieldsചാത്തന്നൂർ: ചിറക്കര, ഉളിയനാട് ഭാഗങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷം. കാരംകോട് സഹീറ മൻസിലിൽ കർഷകൻ നൗഷാദിന്റെ ഗർഭിണിയായ പശുവിനെ പന്നി കുത്തി. വെള്ളിയാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
നൗഷാദിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിൽ മൂന്ന് പശുക്കളെയും കുട്ടികളെയും കെട്ടിയിരുന്നപ്പോൾ തൊട്ടടുത്ത കോഴിഫാമിന്റെ അടുത്തുനിന്ന് വന്ന കാട്ടുപന്നികൾ പശുവിനെ കുത്തുകയായിരുന്നു. ഗർഭിണിയായ പശുവിന്റെ കാലിലും അകിടിലും മുറിവേറ്റു. മറ്റൊരു പശുവിനെ ഇടിച്ചു നിലത്തിട്ടു. പശുവിന്റെ കരച്ചിൽകേട്ടു വന്ന നൗഷാദും ഭാര്യയും ശബ്ദംമുണ്ടാക്കി പന്നികളെ ഓടിച്ചു. രണ്ട് വലുതും ഒരു ചെറിയ പന്നിയും കൂട്ടത്തിലുണ്ടായിരുന്നു.
തൊട്ടടുത്ത പ്രദേശമായ ഉളിയനാട് ഏലയിൽ കാട്ടുപന്നിശല്യം രൂക്ഷമായതിനെ തുടർന്ന് കർഷകരും ദുരിതത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ പന്നികൾ വ്യാപകമായി വിളകൾ നശിപ്പിച്ചു. മരിച്ചീനിയും വാഴയുമാണ് നശിപ്പിക്കുന്നതിൽ ഏറെയും. മൂന്നുമാസത്തിന് മുമ്പും പന്നികൾ വിളകൾ നശിപ്പിച്ചിരുന്നു. പഞ്ചായത്തിലും കൃഷിഭവനിലും ബന്ധപ്പെട്ട വകുപ്പുകളിലും പരാതികൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഷൂട്ടർമാരെ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, അവർക്കുള്ള വേതനം കർഷകർ തന്നെ കണ്ടെത്തണമെനാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. കാട്ടുപന്നിയെ പിടികൂടുന്നതിന് കണ്ണേറ്റ വാർഡിൽ ജാഗ്രത സമിതി രൂപവത്കരിച്ചു. പഞ്ചായത്ത് അടിയന്തരമായി ഇടപെട്ട് തുടർനടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.