പരിശോധന ശക്തമാക്കി; പന്മന ഗ്രാമപഞ്ചായത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നം പിടികൂടി
text_fieldsപന്മന ഗ്രാമപഞ്ചായത്തിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടിയപ്പോൾ
ചവറ: പന്മന ഗ്രാമപഞ്ചായത്ത് പരിധിയിലും കാട്ടിൽ മേക്കതിൽ ഉത്സവ മേഖലയിലും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിപണനം തടയുന്നതിനുവേണ്ടി പരിശോധനകൾ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത്തല സ്ക്വാഡാണ് പരിശോധന നടത്തിയത്. പരിശോധനയിൽ കാട്ടിൽ ദേവീക്ഷേത്ര പരിസരത്തുള്ള വ്യാപാരസ്ഥാപനങ്ങളിൽനിന്ന് 50 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പിടികൂടി.
പരിശോധനയിൽ വി.ഇ.ഒമാരായ ശാരിക വിശാൽ, വിനോദ് എന്നിവർ പങ്കെടുത്തു. പന്മന ഗ്രാമപഞ്ചായത്ത് പരിധിയിൽ ലൈസൻസ് പുതുക്കാത്ത വ്യാപാരസ്ഥാപനങ്ങളിലും നിരവധി പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിതരണം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ജോർജ് അറിയിച്ചു.