തേവലക്കര പൈപ്പ് റോഡിൽ അറവ് മാലിന്യം തള്ളൽ രൂക്ഷം
text_fieldsചവറ: തേവലക്കര പടിഞ്ഞാറ്റക്കര പൈപ്പ് മുക്കിനും തൊഴിലാളി ജങ്ഷനുമിടയിലുള്ള പൈപ്പ് റോഡിൽ വന്‍ തോതില്‍ അറവ് മാലിന്യം തള്ളുന്നതായി പരാതി. ഇതുമൂലം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
കാട് കയറി കിടക്കുന്ന പാതയോരങ്ങളിലാണ് ഇറച്ചി മാലിന്യം ഉള്‍പ്പെടെ നിക്ഷേപിക്കുന്നത്. രാത്രി 12ന് ശേഷം വാഹനങ്ങളില്‍ കൊണ്ടുവന്നാണ് മാലിന്യം തള്ളുന്നത്. ഇങ്ങനെ തള്ളുന്ന അവശിഷ്ടം പക്ഷികൾ കൊത്തിയെടുത്ത് കിണറ്റിലും മറ്റും ഇടുന്നതായും പ്രദേശവാസികൾ പറഞ്ഞു.
വാർഡ് അംഗത്തോട് നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന ആക്ഷേപം ശക്തമാണ്. എന്നാല്‍, അറവു മാലിന്യം നിക്ഷേപിക്കുന്ന വിഷയം തന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ജനകീയ സമിതിക്ക് രൂപം നല്കി സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ഏര്‍പ്പെടുത്തുമെന്നും പൊലീസ് ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പരാതി സമര്‍പ്പിക്കുമെന്നും ഗ്രാമ പഞ്ചായത്തംഗം എം.എ അന്‍വര്‍ പറഞ്ഞു.