പൊലീസുകാരെ ആക്രമിച്ച കേസ്: പ്രതികൾ പിടിയിൽ
text_fieldsറഫീക്ക്
ചവറ: പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. ചവറ തട്ടോക്കുന്നിൽ റഫീക്കും (49), പ്രായപൂർത്തിയാകാത്ത ഒരാളുമാണ് ചവറ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയിൽ ചവറ കൃഷ്ണൻനടക്ക് കിഴക്ക് ഭാഗത്ത് സ്ത്രീകളെ ആക്രമിക്കുന്നുവെന്ന് കൺട്രോൾറൂമിൽ ലഭിച്ച പരാതി അന്വേഷിക്കാനാണ് ചവറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തിയത്. ഇവരെ റഫീക്കിന്റെ നേതൃത്വത്തിൽ ആക്രമിക്കുകയായിരുന്നു. റഫീക്കിന്റെ സഹോദരനെതിരെ അയൽവാസിയായ യുവതി പരാതി നൽകിയതിന്റെ വിരോധത്താലായിരുന്നു അസഭ്യം വിളിയും ആക്രമണവും. പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഉദ്യോഗസ്ഥരുടെ പരാതിയിൽ പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ ഇൻസ്പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്, പ്രദീപ്, എസ്.സിപിഒമാരായ അനിൽ, മനീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.