കലയോട് ചേർന്നുനിൽക്കുന്ന ബേബി സഖാവ്
text_fieldsകൊല്ലം: കമ്യൂണിസ്റ്റ് സൈദ്ധാന്തികത ചേർത്തുനിർത്തിയ ഇടനെഞ്ചിൽ എം.ഡി. രാമനാഥന് വേണ്ടിയും അൽപം കൂടുതൽ സ്ഥലം ഒരുക്കിയിട്ടയാളാണ് എം.എ. ബേബി. കർണാടകസംഗീതത്തിനെ നെഞ്ചേറ്റിയ രാഷ്ട്രീയക്കാരന്റെ മനസ്സിൽ എം.ഡി. രാമനാഥൻ എന്ന സംഗീത കുലപതി കടന്നെത്താതിരിക്കുന്നതെങ്ങനെ.
ചെറിയ പ്രായത്തിലേ ഒപ്പം ചേർന്ന രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കൊപ്പം കലയോടുള്ള അഭിനിവേശവും ചേർത്തുനിർത്തി സി.പി.എമ്മിന്റെ സാംസ്കാരികമുഖമായി മാറിയ ബേബി സഖാവാണ് പാർട്ടിയുടെ തലപ്പത്തെത്തുന്നത് എന്നത് കലാലോകത്തിനും ആഹ്ലാദം പകരുന്നു.
രാഷ്ട്രീയത്തിൽ വന്നുചേർന്ന പദവികൾ ഉപയോഗിച്ച് സാധാരണ ജനങ്ങൾക്കൊപ്പം കലാസാംസ്കാരികലോകത്തിനായും ഏറെ ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം ഇതിനകം തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനും കലയ്ക്കും തോളോടുതോൾചേർന്ന് വളരാനാകും എന്ന വിശ്വാസം മുറുകെ പിടിച്ചായിരുന്നു ഇക്കഴിഞ്ഞ അഞ്ച് പതിറ്റാണ്ടോളം അദ്ദേഹം നീങ്ങിയത്.
കർണാടകസംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന എം.എ. ബേബി സൂക്ഷ്മതപുലർത്തുന്ന സംഗീത വിമർശകൻ കൂടിയാണ്. രാജ്യസഭ എം.പിയായിരിക്കെ ഡൽഹിയിൽ അദ്ദേഹത്തിന്റെ മുറിയിൽ നടന്ന സൗഹൃദ സദസ്സിലെ ചർച്ചയാണ് ‘സ്വരലയ’ എന്ന സംഘടനയുടെ രൂപവത്കരണത്തിലെത്തിച്ചത്.
കർണാടകസംഗീതത്തിന് കൂടുതൽ വേദികൾ ഒരുക്കാനുള്ള ലക്ഷ്യവുമായി 1989ൽ ഡൽഹിയിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്വരലയ, ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ നൽകിയ സംഭാവനകൾ നിസ്തുലമാണ്. രാഷ്ട്രപതിഭവനിൽ പോലും കർണാടകസംഗീത സദസ്സുകൾ ഒരുക്കിയ സ്വരലയ ലോകോത്തര സംഗീതജ്ഞരെ കേരളത്തിന്റെ മണ്ണിലുമെത്തിച്ചു.
സംഗീതജ്ഞരുമായുള്ള എം.എ. ബേബിയുടെ ആത്മബന്ധം മകൻ അശോകിന്റെ വിവാഹവേദിയിലും അവിസ്മരണീയരംഗം സൃഷ്ടിച്ചു. വിവാഹത്തിന് മാലയെടുത്ത് നൽകിയത് കെ.ജെ. യേശുദാസും ഉമയാൾപുരം കെ. ശിവരാമനുമായിരുന്നു. മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജിൽ ഗിറ്റാറിസ്റ്റാണ് മകൻ അശോക്.
ഇഷ്ടം സംഗീതത്തിൽ മാത്രം ഒതുക്കാതെ, സാഹിത്യം, സിനിമ, നാടകം, സ്പോർട്സ് എന്നിങ്ങനെ മേഖലകളിൽക്കൂടി ചേർത്തുപിടിക്കുന്ന ആൾ കൂടിയാണ് എം.എ. ബേബി. അദ്ദേഹം സാംസ്കാരികമന്ത്രിയായിരിക്കെയാണ് കേരളം ബിനാലെ എന്ന വാക്ക് പരിചയപ്പെട്ടത്.