കോർപറേഷൻ ബജറ്റ്; വികസനം സമഗ്രമാകാൻ ഹൈടെക് സ്വപ്നങ്ങൾ
text_fieldsകൊല്ലം കോർപറേഷനിൽ 2025-26 വർഷത്തെ ബജറ്റ് ഡെപ്യൂട്ടി മേയർ എസ്. ജയൻ അവതരിപ്പിക്കുന്നു
കൊല്ലം: ആധുനികകാലത്തിനൊപ്പം സഞ്ചരിക്കുന്ന ഹൈടെക് നഗരസ്വപ്നം പങ്കുവെച്ച് കൊല്ലം കോർപറേഷനിൽ 2025-26 വർഷത്തേക്കുള്ള ബജറ്റ്. നടപ്പാക്കിയതിലേറെ നടത്താൻ ഇനിയും ബാക്കിയെന്ന് ഓർമിപ്പിക്കുന്ന ബജറ്റിൽ നഗരത്തിന്റെ വികസനം സമഗ്രമാക്കാനുള്ള ലക്ഷ്യപ്രഖ്യാപനമാണ് വാഗ്ദാനങ്ങളായി നിറയുന്നത്.
മുൻ പദ്ധതികളുടെ പുതുക്കിയ പ്രഖ്യാപനങ്ങളും പ്രതീക്ഷ നൽകുന്ന പുത്തൻ ആശയങ്ങളും ഉൾപ്പെടുത്തിയാണ് നിലവിലെ ഭരണസമിതിയുടെ അവസാന ബജറ്റ് ഡെപ്യൂട്ടി മേയർ എസ്. ജയൻ അവതരിപ്പിച്ചത്. മഹാനഗരസങ്കൽപം കൈവിടാതെ, ഹൈടെക് സ്വപ്നത്തേരിലാണ് ഭരണസമിതിയുടെ അഞ്ചാം ബജറ്റിന്റെയും യാത്ര. കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് യുവതലമുറയിൽ അൽപം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉൾക്കൊള്ളിക്കാൻ ഭരണസമിതി ശ്രദ്ധചെലുത്തിയിട്ടുണ്ട്.
90.83 കോടി രൂപ മുൻബാക്കിയിരിപ്പും 1137.74 കോടി രൂപ പുതിയ സാമ്പത്തികവർഷ മതിപ്പുവരവും പ്രതീക്ഷിക്കുന്ന ബജറ്റിൽ ആകെ വരവ് 1228.57 കോടി രൂപയാണ്. ഇതിൽ വിവിധ പദ്ധതികൾക്കും തനത് ചെലവുകൾക്കുമായി 1145.12 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്ന് വിലയിരുത്തുമ്പോൾ നീക്കിബാക്കിയായി ഈ സാമ്പത്തിക വർഷം 83.45 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ബജറ്റ് നീക്കിയിരിപ്പിനെക്കാൾ 7.37 കോടി രൂപയുടെ കുറവാണിത്.
നാളെയുടെ നഗരം ലക്ഷ്യമിടുന്ന ബജറ്റിൽ പശ്ചാത്തലവികസനത്തിലൂടെ നഗരത്തിന്റെ മുഖച്ഛായ കൂടുതൽ മികവുറ്റതാക്കുന്നതിനൊപ്പം നാളെയുടെ തലമുറക്കായി പ്രത്യേക പരിഗണന നൽകിയ പ്രഖ്യാപനങ്ങൾ നിരവധിയാണ്. നേരത്തേ കൗൺസിൽ പ്രഖ്യാപിച്ച ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാൻ ബജറ്റ് പ്രഖ്യാപനത്തിന്റെ പിന്തുണയും ഇനിയുണ്ടാകും.
വർഷങ്ങളായി തുടരുന്ന വികസനസ്വപ്നങ്ങളായ മൾട്ടി ലെവൽ കാർ പാർക്കിങ്, ആശ്രാമം-മങ്ങാട് ലിങ്ക് റോഡ്, കൊല്ലം ബീച്ച് ഓഫ് ഷോർ ബ്രേക്ക് വാട്ടർ, കഴിഞ്ഞവർഷത്തെ പ്രധാന പ്രഖ്യാപനങ്ങളായ വാട്ടർ മെട്രോ, ചിന്നക്കട ആകാശപ്പാത, സിൽവർ ജൂബിലി മന്ദിരം എന്നിങ്ങനെ വിവിധ പദ്ധതികൾ പുതുക്കിയ രൂപത്തിൽ ഇത്തവണയും ഇടംപിടിച്ചു.
ഭരണസമിതിയുടെ അവസാന ബജറ്റിൽ പുതിയ വൻ വികസന പദ്ധതികളോ ബാധ്യതയാകുന്ന ക്ഷേമപദ്ധതി പ്രഖ്യാപനങ്ങളോ നടത്തി എടുത്തുചാടാതിരിക്കാനുള്ള ശ്രദ്ധക്കൊപ്പം 10 രൂപ നിരക്കിൽ പ്രഭാതഭക്ഷണം നൽകുന്ന ‘ഗുഡ്മോണിങ് കൊല്ലം’ പോലുള്ള കരുതലും ചേർത്തുവെക്കാൻ മറന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
യുവതയെ ചേർത്തുപിടിച്ച്
നാളെയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ ചേർത്തുപിടിക്കുന്ന ഒരുപിടി പ്രഖ്യാപനങ്ങളാണ് കൊല്ലം കോർപറേഷൻ ബജറ്റിലുള്ളത്. ലഹരിമുക്ത കൊല്ലം ലക്ഷ്യമിട്ട് നഗരത്തെ ലഹരിവിമുക്തമാക്കുന്നതിന് ജനകീയ കാമ്പയിൻ പ്രധാന പ്രഖ്യാപനമാണ്. ഇതിന്റെ ഭാഗമായി പൊതു ഇടങ്ങൾ വികസിപ്പിച്ച് യുവജനങ്ങൾക്കായുള്ള കലാ-കായിക സാഹിത്യ-സാസ്കാരിക വേദികളായി ഉയർത്തും. പ്രഗല്ഭരെ പങ്കെടുപ്പിച്ച് യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ലഹരിയുടെ ഉറവിടങ്ങൾ നശിപ്പിക്കാൻ വാർഡ്തല സമിതികൾ ശക്തിപ്പെടുത്തും. സ്കൂൾ-കോളജ് തലങ്ങളിൽ ലഹരിവിരുദ്ധ ക്ലബുകൾ രൂപവത്കരിക്കും. മയക്കുമരുന്ന് ലഹരിയിൽപെടാതെ കലാ-കായിക-സാഹിത്യലോകം ലഹരിയാകുന്ന തരത്തിൽ കുട്ടികൾ വളരാൻ ‘കരുതലോടെ കൊല്ലം’ പദ്ധതിക്ക് ഒരു കോടി രൂപ വകയിരുത്തി.
കൊല്ലം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ യൂത്ത് സ്ക്വയറുകൾ സ്ഥാപിക്കും. യുവതീയുവാക്കളെ ഉൾപ്പെടുത്തി വർധിച്ചുവരുന്ന ലഹരി ഉപയോഗം അടക്കം ദുഷ്പ്രവണതകളെ ഇല്ലാതാക്കാൻ ജനകീയ ഇടപെടലുകൾ നടത്തുന്നതിനാണ് യൂത്ത് സ്ക്വയർ ഒരുക്കുന്നത്. പദ്ധതിക്കായി ഒരുകോടി രൂപയാണ് വകയിരുത്തിയത്.
കോർപറേഷൻ പരിധിയിലുള്ള സ്കൂൾ, കോളജുകളിൽനിന്ന് സംസ്ഥാന സർക്കാർ തലത്തിൽ കലോത്സവങ്ങൾ/ കായിക മത്സരങ്ങൾ എന്നിവയിൽ എ േഗ്രഡ്/ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥികൾക്കും സ്കൂളിനും ആദരവും ശിൽപവും സർട്ടിഫിക്കറ്റും നൽകും. 10 ലക്ഷം രൂപയാണ് ‘ചിറക്’ എന്ന ഈ പദ്ധതിക്ക് വകയിരുത്തിയത്.
മാലിന്യമുക്തമാകണം നഗരം
കൊല്ലംനഗരം മാലിന്യമുക്തമാക്കാൻ കനത്ത നീക്കിയിരിപ്പാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. വികസനപദ്ധതികൾക്കും മുകളിൽ ബജറ്റിൽ ഏറ്റവും കൂടുതൽ തുക പ്രഖ്യാപിച്ചിരിക്കുന്നതും മാലിന്യവിഷയത്തിലാണ്. ദ്രവ-ഖര മാലിന്യസംസ്കരണത്തിലൂടെ 200 കോടി രൂപയാണ് നഗരത്തെ മാലിന്യമുക്തമാക്കുന്നതിന് കോർപറേഷൻ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നത്. മലിനജലസംസ്കരണത്തിന് കുരീപ്പുഴ എസ്.ടി.പി പ്രവർത്തനം ആരംഭിക്കാനും സിവറേജ് നെറ്റ്വർക് സ്ഥാപിക്കാനും നഗരത്തിലും വിവിധ ഭാഗങ്ങളിലും മിനി എസ്.ടി.പി സ്ഥാപിക്കാനും 150 കോടി വകയിരുത്തി.
ഇതുകൂടാതെ, ഹരിതകർമ സേന 100 ശതമാനം കലക്ഷൻ, ജൈവമാലിന്യ സംസ്കരണ-ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ, പൊതുമാലിന്യ-സംസ്കരണ സംവിധാനങ്ങൾ, മെക്കനൈസ്ഡ് എയ്റോബിക് യൂനിറ്റുകൾ, ബോട്ടിൽ ബൂത്തുകൾ, ക്രഡായി യൂനിറ്റുകൾ, കരിയില സംഭരണികൾ, മലിനജലസംരക്ഷണത്തിന് മിനി എസ്.ടി.പികൾ, സെപ്ടേജ് മാലിന്യ സംസ്കരണത്തിന് മൊബൈൽ സെപ്ടേജ് ട്രീറ്റ്മെൻറ് പ്ലാന്റുകൾ, 200 സ്ഥലങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കൽ എന്നിവ മാലിന്യമുക്ത നഗരം പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഈ പദ്ധതികൾക്കായി 50 കോടി രൂപയാണ് മാറ്റിവെച്ചത്.
10 രൂപക്ക് പ്രഭാതഭക്ഷണം
കൊല്ലം നഗരത്തിൽ എത്തിച്ചേരുന്നവർക്ക് ‘സുപ്രഭാതം’ ഒരുക്കാനുള്ള ക്ഷേമപ്രഖ്യാപനം ബജറ്റിലുണ്ട്. നഗരത്തിൽ 10 രൂപ നിരക്കിൽ പ്രഭാതഭക്ഷണം ഒരുക്കുന്ന ‘ഗുഡ്മോണിങ് കൊല്ലം’ പദ്ധതി വഴിയാണിത്. പദ്ധതി നടപ്പാക്കാൻ 20 ലക്ഷം രൂപ വകയിരുത്തി. നഗരത്തിൽ ഫുഡ് സ്ട്രീറ്റ് എന്ന വർഷങ്ങളായുള്ള ആശയത്തിന് ലിങ്ക് റോഡിൽ സ്ഥലമൊരുക്കി ‘കൊല്ലം രുചി’ യാഥാർഥ്യമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 10 ലക്ഷമാണ് പദ്ധതിക്ക് മാറ്റിവെച്ചത്.
നാളെയുടെ നഗരം
ഹൈടെക് നഗരമായി ഉയർത്തുന്നതിന് നഗരത്തിന്റെ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുമെന്ന, പ്രഖ്യാപനം. ആധുനിക ബസ് ഷെൽട്ടറുകൾ, റോഡുകളുടെയും ജങ്ഷനുകളുടെയും സൗന്ദര്യവത്കരണം, സുഗമമായ ട്രാഫിക് സംവിധാനങ്ങൾ, സൈൻ ബോർഡുകൾ, മനോഹരമായ ഫുട്പാത്തുകൾ എന്നിവക്കായി 10 കോടിയാണ് മാറ്റിവെച്ചത്. കോർപറേഷൻ റോഡുകൾ, ഫുട്പാത്തുകൾ, ഓടകൾ ഉൾപ്പെടെയുള്ളവയുടെ നിർമാണത്തിനും പുനരുദ്ധാരണത്തിനും 50 കോടി രൂപ വകയിരുത്തി.
കോർപറേഷൻ പരിധിയിലെ എല്ലാ ലൈറ്റുകളും എൽ.ഇ.ഡിയിലേക്ക് മാറാനും സ്ട്രീറ്റ് മെയിൻ വലിക്കുന്നതിനും ‘പ്രകാശ നഗരം’ സാധ്യമാക്കാൻ 20 കോടി വകയിരുത്തി. നഗരകേന്ദ്രത്തിലെ റോഡുകൾ ആകർഷകമാക്കാനും ലൈറ്റുകൾ സ്ഥാപിച്ചും ഫുട്പാത്തുകൾ നവീകരിച്ചും പൈതൃകം നിലനിർത്തിയും പാർക്കിങ് സൗകര്യം വർധിപ്പിക്കാനും വ്യാപാരിവ്യവസായികളുടെ സഹകരണത്തോടെ ചിന്നക്കടയുടെ പെരുമ വീണ്ടെടുക്കാനും ഒരു കോടി രൂപ നീക്കിവെച്ചു.
വർഷങ്ങളായി പരിഗണനയിലുള്ള ആശ്രാമം-മങ്ങാട് ലിങ്ക് റോഡ്, ആശ്രാമം മങ്ങാട് റിങ് റോഡ് കൂടാതെ കായവാരത്തുകൂടി സൈക്കിൾ പാത്ത് എന്നിവക്കുവേണ്ടിയുള്ള പദ്ധതിക്ക് രണ്ട് കോടി രൂപ മാറ്റിവെച്ചു. ബൈപാസ്-അഞ്ചാലുംമൂട് ജങ്ഷൻ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സി.കെ.പി, മുക്കടമുക്ക്, ചന്തക്കടവ്, അഞ്ചാലുംമൂട് ബൈപാസ് നിർമാണത്തിനും ഓഡിറ്റോറിയത്തിനും രണ്ട് കോടി രൂപ വകയിരുത്തി.
എല്ലാവർക്കും വീട് എന്ന ലക്ഷ്യമാണ് ബജറ്റ് പങ്കുവക്കുന്നത്. ഭൂരഹിത ഭവന രഹിത പദ്ധതിക്ക് ജനറൽ വിഭാഗത്തിൽ 1000 പേർക്ക് (വ്യക്തിഗതം) സ്ഥലം വാങ്ങുന്നതിന് 50 കോടി രൂപ വകയിരുത്തി. കോർപറേഷൻ പരിധിയിലെ ഭൂമിയുള്ള എല്ലാവർക്കും പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ വീട് ഒരുക്കാൻ 25 കോടി രൂപ ചെലവാക്കും.
കൊല്ലം കണ്ടാൽ ഇല്ലം വേണ്ടല്ലോ
കൊല്ലത്തിന്റെ ടൂറിസം സാധ്യതകളെ കൂടുതൽ മികച്ച പദ്ധതികളുമായി ഉയർത്തിക്കൊണ്ടുവരാൻ ബജറ്റ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതിയാണ് ടൂറിസ്റ്റ് ഹബ്. അറബിക്കടൽ, അഷ്ടമുടിക്കായൽ, ആശ്രാമം, വട്ടക്കായൽ, കൊല്ലം ബീച്ച്, പോർട്ട്, തങ്കശ്ശേരി, ശക്തികുളങ്ങര ഹാർബർ, തിരുമുല്ലവാരം, പ്രശസ്തമായ ക്ഷേത്രങ്ങൾ, പള്ളികൾ, മോസ്ക്കുകൾ എന്നിവ സന്ദർശിക്കാൻ ടൂറിസ്റ്റ് സർക്യൂട്ട് രൂപവത്കരിക്കും. മീനത്തുചേരി തുരുത്തുകളെയും മേരിലാൻഡ് ഐലന്റിനെയും ബന്ധിപ്പിച്ച് ടൂറിസ്റ്റ് കേന്ദ്രം രൂപവത്കരിക്കാൻ 10 കോടി രൂപ വകയിരുത്തി.
നഗരത്തിന്റെ ജൈവവൈവിധ്യങ്ങൾ സംരക്ഷിക്കാൻ കൊല്ലം ബീച്ചിന് എതിർവശത്ത് ബൊട്ടാണിക്കൽ ഗാർഡനൊപ്പം പുഷ്പപ്രദർശനം സംഘടിപ്പിക്കും. ഇതിന് അഞ്ച് കോടി രൂപ വകയിരുത്തി. ബീച്ചിലെ അപകടങ്ങൾ കുറച്ച് ബീച്ച് ടൂറിസ്റ്റ് സൗഹൃദമാക്കാനും ഓഫ് ഷോർ േബ്രക്ക് വാട്ടർ പദ്ധതിക്ക് ഇത്തവണയും 10 കോടി രൂപ വകയിരുത്തി.
മഹാത്മാഗാന്ധി പാർക്ക് നവീകരണം, ശക്തികുളങ്ങര, ഇലവന്തി, ഇരവിപുരം, വടക്കേവിള, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ പുതിയ പാർക്ക് നിർമിക്കാനും കുരീപ്പുഴ ബയോമൈനിങ് നടത്തിയ സ്ഥലത്ത് മിറാക്കിൾ പാർക്കിനും കായൽവാരങ്ങളിൽ സൈക്കിൾ പാത്ത് ആരംഭിക്കുന്നതിനും അഞ്ച് കോടി നീക്കിവെച്ചു.
തങ്കശ്ശേരികോട്ട, പാർക്ക്, ചിന്നക്കട മണിമേട എന്നിങ്ങനെ നഗരത്തിലെ പുരാവസ്തു സ്മാരകങ്ങൾ സംരക്ഷിക്കുന്നതിനും തങ്കശ്ശേരിയിൽ ഫ്രീഡം പാർക്കും ത്രിവർണ പതാകയും ലൈറ്റ് ആൻഡ് സൗണ്ടും കളിക്കളവും, ആദ്യകാല വിനോദസഞ്ചാരികളുടെ ചിത്രങ്ങൾ സ്ഥാപിക്കുന്നതിനും അഞ്ച് കോടി രൂപ വകയിരുത്തി.
തിരുമുല്ലവാരത്ത് പിതൃതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കുന്നതിന് ഡോർമെട്രിയും ടോയ്ലറ്റും സ്ഥാപിച്ച് സ്ഥിരം സംവിധാനം ഉറപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്. മുണ്ടാലുംമൂട്ടിൽ ഓപൺ എയർ ഓഡിറ്റോറിയവും കളിക്കളവും സ്ഥാപിക്കുന്നതിന് രണ്ടുകോടി രൂപ വകയിരുത്തി.
പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ
- കുരീപ്പുഴ ബയോമൈനിങ് നടത്തിയ കായൽവാരത്ത് സൈക്കിൾ പാർക്ക്, ശക്തികുളങ്ങര, ഇലവന്തി, ഇരവിപുരം, വടക്കേവിള, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ പുതിയ പാർക്കുകൾ
- യൂത്ത് സ്ക്വയർ - ഒരു കോടി
- താമരക്കുളത്ത് എ.ഐ പാർക്ക്
- ‘ഗുഡ് മോർണിങ് കൊല്ലം’ കൊല്ലം നഗരസഭ നൽകുന്ന പ്രഭാത ഭക്ഷണ പദ്ധതി
- ഡോർമെറ്ററി, മൾട്ടി ലെവൽ കാർ പാർക്കിങ് സെന്റർ, കുട്ടികളുടെ ലൈബ്രറി, തിയറ്റർ
- നഗരസഭ സിൽവർ ജൂബിലി ഷോപ്പിങ് കോംപ്ലക്സ്, ഓഡിറ്റോറിയം നിർമാണം
- ലിങ്ക് റോഡിൽ ഫുഡ് സ്ട്രീറ്റ് (മധുരം)
- ഡിസാസ്റ്റർ മാനേജ്മെൻറ് സെൽ പ്രവർത്തനം
- മോഡേൺ സ്ലാട്ടർ ഹൗസിന് സ്ഥലം
- ഉളിയക്കോവിൽ ഡിവിഷനിൽ ഗാന്ധി സ്ക്വയർ
- കൊല്ലം ചലച്ചിത്രമേള, അവാർഡ്
- ഡിമൻഷ്യ ഫ്രണ്ട്ലി കോർപറേഷൻ
- ക്വയിലോൺ ഏബിൾ പദ്ധതി
- തിരുമുല്ലവാരം കടൽതീര പാർക്ക് വികസന പദ്ധതി
- റോഡുകളിലെ കരിയില, പേപ്പർ എന്നിവ നീക്കം ചെയ്യാൻ ആധുനിക ഇൻസിനറേറ്റർ
- ബീച്ച് മുതൽ തങ്കശ്ശേരി വരെ റോഡിന്റെ ഇരുവശങ്ങളിലും ഫുട്പാത്ത്, പൂച്ചെടികൾ, ഫിഷ് ബൂത്തുകൾ (ഹാർബർ സൈഡ്) സ്ഥാപിക്കൽ
- അരങ്ങ് പദ്ധതി
- കൊല്ലം നിവാസികളെ സംഘടിപ്പിച്ച് ലോക കൊല്ലം സഭ
- നഗരത്തിൽ സുരക്ഷിത നടപ്പാത
- ബസ്ബേ- അയത്തിൽ ജങ്ഷൻ ബസ്ബേ
- ഖരമാലിന്യ പ്ലാന്റ് സ്ഥാപിക്കൽ
- വനിതകൾക്ക് ഓപൺ ജിം, മാർക്കറ്റുകൾ, ഷി-ലോഡ്ജ്, ഫുഡ് പാർക്ക്
- ഹരിത നഗരം-കോർപറേഷൻ സ്ഥാപനങ്ങളിൽ സോളാർ സംവിധാനം- ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുക
- ‘ജീവനാണ് അഷ്ടമുടി, ജീവിക്കാനാണ് അഷ്ടമുടി’
- അതിദാരിദ്ര്യരഹിത കോർപറേഷൻ
- പരമ്പരാഗത വ്യവസായങ്ങളുടെ പുനരുജ്ജീവനം (കശുവണ്ടി, കയർ, മത്സ്യം, തീപ്പെട്ടി, ഓട്, നെയ്ത്, കച്ചിപ്പടം)
- തൊഴിൽരഹിതരെ തൊഴിലിന് പ്രാപ്തരാക്കുന്ന ജോബ് 35 സ്റ്റേഷനുകൾ- കോർപറേഷൻ തലത്തിലും ഡിവിഷൻ തലത്തിലും
- ക്ഷീരോൽപാദനത്തിനും മൃഗസംരക്ഷണത്തിനും നൂതന പദ്ധതികൾ
- തങ്കശ്ശേരി കോട്ടപ്പുറം ഫ്ലാറ്റ് സമുച്ചയം
- അഷ്ടമുടിതീരത്തെ വീടുകളിൽ ബയോഡൈജസ്റ്റർ ടോയ്ലറ്റ് സ്ഥാപിക്കൽ
- ആശ്രാമം-മങ്ങാട് ലിങ്ക് റോഡ്
- വട്ടക്കായൽ സംരക്ഷണവും പുനരുജ്ജീവനവും
- സ്റ്റാർട്ട് അപ്-യുവതീയുവാക്കൾക്ക് വർക്ക് നിയർ ഹോം
- ബൊട്ടാണിക്കൽ ഗാർഡൻ
- ടൂറിസ്റ്റ് ഹബ്
വേണം ഹൈടെക് മുഖം
കേരള സർക്കാർ പ്രഖ്യാപിച്ച ഐ.ടിനഗരപദ്ധതി ഫലപ്രദമായി ഉപയോഗപ്പെടുത്തി കൊല്ലത്തിന് ഹൈടെക് മുഖം നൽകുക പ്രധാന ലക്ഷ്യമെന്ന് ബജറ്റ് അടിവരയിടുന്നു. കുരീപ്പുഴയിലും ആണ്ടാമുക്കത്തും ഐ.ടി പാർക്കുകൾ പ്രവർത്തിക്കുന്ന കൊല്ലം ആണ് ഈ ബജറ്റിലെ ഭാവിസ്വപ്നം. പാർക്കുകൾക്ക് വേണ്ടിയും പശ്ചാത്തലവികസനത്തിനും 25 കോടി വകയിരുത്തി. കുരീപ്പുഴയിൽ ഐ.ടി പാർക്ക് സംബന്ധിച്ച പ്രാഥമിക പരിശോധന ഉൾപ്പെടെ നേരത്തെ നടന്നിരുന്നു. നഗരഹൃദയത്തിൽ താമരക്കുളം ആണ്ടാമുക്കത്ത് കോർപറേഷൻ സ്ഥലത്ത് എ.ഐ പാർക്ക് പദ്ധതിക്കായി രണ്ട് കോടിയാണ് പെർഫോമൻസ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനിയുമേറെ പ്രഖ്യാപനങ്ങൾ
കോർപറേഷൻ പരിധിയിലെ മുഴുവൻ അംഗൻവാടികളും ഹൈടെക് ആക്കുന്നതിനൊപ്പം ഭക്ഷണരീതിയിൽ കാലാനുസൃതമായ മാറ്റം വരുത്തും. ആധുനിക കളിക്കോപ്പുകൾ സജ്ജമാക്കും. ബാലസൗഹൃദ പദ്ധതിയുടെ ഭാഗമായി ബാലസഭകൾ, അങ്കണവാടി തലത്തി, ബാലോത്സവങ്ങൾ എന്നിവ സംഘടിപ്പിക്കാൻ അഞ്ച് കോടി രൂപ വകയിരുത്തി. സ്കൂളുകളിൽ പശ്ചാത്തല സൗകര്യങ്ങൾ ആധുനികനിലവാരത്തിലാക്കും.
മത്സ്യമേഖലയുടെ സമഗ്രവികസനത്തിന് 10 കോടി, പുത്തൻ കൃഷിരീതികൾക്ക് ധനസഹായം നൽകുന്നതിനും ആഴ്ചച്ചന്തകളും സംഘടിപ്പിക്കുന്നതിനും അഞ്ച് കോടി, വനിത സംരംഭകർക്ക് ധനസഹായം, വനിത മാർക്കറ്റുകൾ, ഷീ ലോഡ്ജ് നിർമാണം, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, വനിത ഫുഡ് പാർക്കുകൾ, ഓപൺ ജിംനേഷ്യങ്ങൾ എന്നിവക്കായി രണ്ട് കോടി, കായികരംഗത്ത് സംസ്ഥാന സർക്കാർതല മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ആദരവും തുടർപരിശീലനത്തിന് സഹായവും നൽകാൻ അഞ്ച് കോടി രൂപ, ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് രണ്ട് കോടി എന്നിവയും പ്രഖ്യാപനത്തിലുണ്ട്.
വയോജനങ്ങൾക്കായി
വയോജന സൗഹൃദകോർപറേഷൻ ലക്ഷ്യത്തിനായി പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ബജറ്റ് പ്രഖ്യാപിക്കുന്നു. നിലവിൽ പ്രവർത്തിക്കുന്ന അഞ്ച് പകൽവീടുകളുടെ പ്രവർത്തനം വിപുലീകരിക്കും. കോർപറേഷന്റെ പടിഞ്ഞാറൻമേഖലയിൽ പുതിയ പകൽവീടുകൾ സ്ഥാപിക്കും. വയോജന പാർക്കുകളിലും മറ്റ് പാർക്കുകളിലും എൽ.ഇ.ഡി വാളുകൾ സ്ഥാപിക്കും. ഹാപ്പിനെസ് പാർക്കുകൾ, ലേബർ ബാങ്ക്, പാലിയേറ്റിവ് ഓൾഡ് ഏജ് സംരക്ഷണം, ജീവിതശൈലി രോഗ നിർണയം ഉൾപ്പെടെ വയോജനങ്ങൾക്കായുളള ഓൾഡ് ഈസ് ഗോൾഡ് പദ്ധതിക്കായി രണ്ട് കോടി രൂപ വകയിരുത്തി. ഡിമിൻഷ്യ ഫ്രണ്ട്ലി കോർപറേഷൻ ആക്കുന്നതിന് പദ്ധതിക്കായി 25 ലക്ഷം രൂപ വകയിരുത്തി.
സാംസ്കാരിക മേഖലക്കൊപ്പം
സാംസ്കാരികമേഖലയെ ചേർത്തുപിടിക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. കൊല്ലം ചലച്ചിത്രമേളക്ക് 50 ലക്ഷം രൂപ മാറ്റിവച്ചു. എം.ടി. വാസുദേവൻ നായർ, തെങ്ങമം ബാലകൃഷ്ണൻ, തിരുനെല്ലൂർ കരുണാകരൻ, നൂറനാട് ഹനീഫ, കാക്കനാടൻ, ഒ.എൻ.വി, വി. സാംബശിവൻ എന്നിവർക്ക് സ്മാരകങ്ങൾ ഒരുക്കും. നഗരത്തിൽ മാനവീയം വീഥി നടപ്പാക്കുന്നതിനായി 25 ലക്ഷം രൂപ വകയിരുത്തി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആർട്ട് ഗാലറി സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ, നഗരത്തിന്റെ പൗരാണികചരിത്രം തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ ആലേഖനം ചെയ്യുന്നതിന് 10 ലക്ഷം രൂപ, കല-സാംസ്കാരിക-സാഹിത്യരചന പരിപാടികൾ നടത്തുന്നതിന് ഓഡിറ്റോറിയം നിർമിക്കുന്നതിന് ഒരു കോടി രൂപ എന്നിങ്ങനെ നീക്കിവെച്ചു.
കൊല്ലം വികസനം സാധ്യമാക്കുന്ന പദ്ധതിക്കായി 10 ലക്ഷം രൂപ വകയിരുത്തി. നൃത്ത-സംഗീത നാടകോത്സവം, കഥാപ്രസംഗോത്സവം, സാഹിത്യോത്സം ഉൾപ്പെടുത്തി സർഗോത്സവം പദ്ധതിക്ക് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ജലാശയങ്ങളെ കൈവിടാതെ
അഷ്ടമുടി കായൽ പുനരുജ്ജീവനം ലക്ഷ്യമിടുന്ന ‘ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി’ പദ്ധതി രണ്ടാംഘട്ടത്തിന് 25 കോടി രൂപ വകയിരുത്തി. മണിച്ചിത്തോട്, ചൂരാങ്ക, കട്ടയ്ക്കകായ, വട്ടക്കായൽ ഉൾപ്പെടെ ചെറുതും വലുതുമായ ജലാശയങ്ങളുടെ ശുചീകരണത്തിനും സംരക്ഷണത്തിനുമായി 10 കോടി രൂപ വകയിരുത്തി.