ജില്ല സ്കൂൾ കായികമേള
text_fieldsകൊട്ടാരക്കര: കത്തിക്കാളുന്ന വെയിലും പാറി ഉയരുന്ന പൊടിയുമൊന്നും അവരെ പിന്തിരിപ്പിച്ചില്ല, തിളച്ചുയരുന്ന ആവേശത്തിൽ ഓടിയും ചാടിയും മെഡലുകൾ വാരിക്കൂട്ടുന്ന തിരക്കിൽ സ്വയംമറന്ന് കൗമാരം പോരാട്ടചൂടിലായി. കൊട്ടാരക്കരയിലെ ചരൽനിറഞ്ഞ ഗ്രൗണ്ടിൽ പരിമിതികളുടെ ചൂട് അവരുടെ ആവേശത്തിനെ അൽപ്പംപോലും തളർത്തിയതേ ഇല്ല.
ഒടുവിൽ ആർത്തിരമ്പിവന്ന മഴ ഗ്രൗണ്ടിനെ പൊതിഞ്ഞപ്പോഴേക്കും 67മത് ജില്ല സ്കൂൾ കായികമേളയുടെ പോരാട്ടക്കളത്തിലെ ആദ്യദിനം മെഡൽപ്പെയ്ത്തും ഗംഭീരമായി. മഴയുടെ പോരാട്ടം ശക്തമായതിനാൽ മാറ്റിവെക്കേണ്ടിവന്ന ഏഴ് ഇനങ്ങൾ ഒഴികെ 38 ഇനങ്ങൾ ആണ് ഒന്നാം ദിനത്തിൽ പൂർത്തിയായത്.
പോരാട്ടം കടുക്കുമ്പോൾ ആദ്യ ലീഡുമായി കുതിക്കുന്നത് അഞ്ചൽ ഉപജില്ലയാണ്. 48 പോയന്റ് ആണ് ഇതുവരെ അഞ്ചലിന്റെ സമ്പാദ്യം. മൂന്ന് സ്വർണവും എട്ട് വെള്ളിയും ഒമ്പത് വെങ്കലവുമായാണ് എതിരാളികളെ ബഹുദൂരം പിന്നിലാക്കി നിലവിലെ ജേതാക്കളുടെ മുന്നേറ്റം. മുൻ ചാമ്പ്യൻമാരായ പുനലൂർ പോരാട്ട വീര്യവുമായി പിന്നാലെയുണ്ട്. മൂന്ന് സ്വർണം അവരും നേടിക്കഴിഞ്ഞെങ്കിലും ആകെ പോയിന്റ് 23 നേടാനേ കഴിഞ്ഞിട്ടുള്ളു.
രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പുനലൂരിന്റെ നേട്ടം. മൂന്നാം സ്ഥാനത്തുള്ള ആതിഥേയരായ കൊട്ടാരക്കര ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ 22 പോയന്റുമായി മൂന്നാം സ്ഥാനത്തുണ്ട്. മൂന്ന് സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കരസ്ഥമാക്കിയത്. മൂന്ന് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് നാലാമത് 20 പോയന്റുമായി ചാത്തന്നൂർ ഉപജില്ലയുള്ളത്.
ചവറ ഉപജില്ല രണ്ട് സ്വർണം, മൂന്ന് വെള്ളി എന്നിവയുമായി 19 പോയന്റ് നേട്ടത്തിൽ അഞ്ചാം സ്ഥാനത്താണ്. സ്കൂളുകളിൽ ഒന്നാം സ്ഥാനവുമായി മുന്നോട്ട് കുതിക്കുന്നത് ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ആണ്. 33 പോയിന്റാണ് ഒന്നാമതുള്ള സ്കൂളിന്റെ ആദ്യദിനത്തിലെ നേട്ടം. മുൻ ചാമ്പ്യൻമാരായ പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
നടത്തമത്സരങ്ങൾ പുരോഗമിക്കവെയാണ് ബുധനാഴ്ച വൈകിട്ടോടെ മഴ രസംകൊല്ലിയായി എത്തിയത്. ഇതോടെ മാറ്റിവെച്ച ജൂനിയർ ബോയ്സ് അഞ്ച് കിലോമീറ്റർ റേസ് വാക്ക്, സീനിയർ ബോയ്സ്, സീനിയർ ഗേൾസ് വിഭാഗത്തിൽ അഞ്ച് കിലോമീറ്റർ, മൂന്ന് കിലോമീറ്റർ റേസ് വാക്ക് എന്നിവ വ്യാഴാഴ്ച രാവിലെ നടക്കും. ജൂനിയർ വിഭാഗം ആൺകുട്ടികളുടെയും സീനിയർ വിഭാഗം ആൺകുട്ടികളുടെയും ഹാമർ ത്രോ മത്സരം വെള്ളിയാഴ്ച രാവിലെ എട്ടിന് തൃക്കണ്ണമംഗൽ എസ്.കെ.വി വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും.
ഉദ്ഘാടനം ഇന്ന്
ജില്ല സ്കൂൾ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 9.30ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കും. ബുധനാഴ്ച കൊല്ലം വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.ഐ. ലാൽ പതാക ഉയർത്തിയതോടെ ആണ് മത്സരങ്ങൾക്ക് തുടക്കമായത്. കുണ്ടറ എ.ഇ.ഒ ശശിധരൻ പിള്ള, പ്രിൻസിപ്പൽ ആർ. പ്രദീപ്, സ്വാഗതസംഘം ഭാരവാഹികളായ റവന്യൂ ജില്ല സെക്രട്ടറി എസ്. പ്രദീപ്കുമാർ, പരവൂർ സജീബ്, പബ്ലിസിറ്റി കൺവീനർ സാംസൻ വാളകം, ജി. ബാലചന്ദ്രൻ, സക്കറിയ മാത്യു, ഉഖൈയൽ എന്നിവർ പങ്കെടുത്തു.


