ലക്ഷത്തിലധികം പേർക്ക് കാഴ്ചയുടെ കിരണം പടർത്തി ഡോ. സഞ്ജയ് രാജു
text_fieldsസഞ്ജയ് രാജു
ശാസ്താംകോട്ട: ഒരുലക്ഷത്തിലധികം ആളുകൾക്ക് കാഴ്ചയുടെ പ്രകാശ കിരണം പകർന്ന ഡോ. സഞ്ജയ് രാജു, നേത്രരോഗ ചികിത്സയുടെ ലോകത്ത് സമർപ്പണത്തിന്റെയും കരുണയുടെയും പ്രതീകമായി മാറുന്നു. ശാസ്താംകോട്ടയിലെ ചെറുഗ്രാമമായ മുതുപിലാക്കാട്ടിൽ ജനിച്ച് 25 വർഷം നീളുന്ന അദ്ദേഹത്തിന്റെ നേത്രചികിത്സാ ജീവിതം കാഴ്ചയില്ലാത്തവർക്ക് വെളിച്ചം പകരുന്ന മഹാപ്രയാണമാണ്. തന്റെ ജന്മഗ്രാമമായ മുതുപിലാക്കാട്ടിൽ സ്ഥാപിച്ച എം.ടി.എം.എം നേത്രാശുപത്രി ആയിരുന്നു ഈ യാത്രയുടെ തുടക്കം. ഇപ്പോൾ അദ്ദേഹം ശാസ്താംകോട്ടയിൽ ദേവി ഐ ക്ലിനിക് എന്ന പുതിയ ദൃശ്യസേവന കേന്ദ്രം പടുത്തുയർത്താനുള്ള പരിശ്രമത്തിലാണ്.
തിരുവനന്തപുരത്ത് താമസിക്കുന്ന ഡോക്ടർ സഞ്ജയ് രാജു, ഓരോ ദിവസവും യാത്രചെയ്യുന്നത് വെളിച്ചം തേടിയെത്തുന്ന കണ്ണുകൾക്ക് പുതുജീവൻ നൽകാനാണ്. നാലരപതിറ്റാണ്ട് കാഴ്ചയില്ലാതെ ജീവിച്ച രമണിക്ക് ശസ്ത്രക്രിയയിലൂടെ വീണ്ടും ലോകം കാണാൻ കഴിഞ്ഞു. 88 കാരിയായ ഗോമതി അന്തർജനത്തിനും 15 വർഷത്തെ അന്ധതക്ക് ശേഷം വീണ്ടും നിറങ്ങൾ തിരികെ കിട്ടി. ഇങ്ങനെ ആയിരങ്ങളാണ് ഡോക്ടറുടെ കരങ്ങളിലൂടെ പ്രകാശത്തിലേക്ക് തിരിച്ചെത്തിയത്. ഏകദേശം 90 ശതമാനം ശസ്ത്രക്രിയകളും സൗജന്യമായി നടത്തിയെന്നതാണ് ഡോ. സഞ്ജയ് രാജുവിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു വർഷം 6000 മുതൽ 7000 വരെ തിമിര ശസ്ത്രക്രിയകൾ നടത്തുന്ന ഇദ്ദേഹം, ഒരുദിവസം 15 മണിക്കൂറിനുള്ളിൽ 120 ശസ്ത്രക്രിയകൾ നടത്തി റെക്കോർഡ് സൃഷ്ടിച്ചിരുന്നു.
ദിവസംതോറും 700ലധികം രോഗികളെ പരിശോധിക്കുന്ന അദ്ദേഹം, സമയത്തിനും ജീവിതത്തിനും അതീതമായ സമർപ്പണത്തിന്റെ പ്രതീകമാണ്. നേത്രചികിത്സക്ക് അപ്പുറവും, 70 ജീവകാരുണ്യ പദ്ധതികൾ വിജയകരമായി നടപ്പാക്കി, 150 പുരസ്കാരങ്ങൾ നേടി അദ്ദേഹം മനുഷ്യസ്നേഹത്തിന്റെ സന്ദേശം പകർന്ന് കൊണ്ടിരിക്കുന്നു. റോട്ടറി അടക്കമുള്ള സംഘടനകളുമായി ചേർന്ന് സാമൂഹിക സേവനങ്ങളിലും അവബോധ ക്യാമ്പുകളിലും സജീവമായാണ് പങ്കാളിത്തം.
‘കണ്ണാണ് ശരീരത്തിന്റെ വിളക്ക്; കണ്ണുണ്ടായാൽ മാത്രം പോര, കാഴ്ചയും വേണം’ എന്നതാണ് ഡോ. സഞ്ജയ് രാജുവിന്റെ ആപ്തവാക്യം. കുട്ടികൾക്ക് സ്വയമേ കാഴ്ച നിർണയം നടത്താനുള്ള ചാർട്ടുകൾ സ്കൂളിൽ സ്ഥാപിച് കാഴ്ചക്കുറവുള്ള കുട്ടികളെ കണ്ടെത്തി ചികിത്സക്ക് വിധേയമാക്കുന്ന പദ്ധതിയും നടപ്പിലാക്കി. സാമൂഹിക പ്രവർത്തനങ്ങൾക്കൊപ്പം കവിതയിലും ഹൃദയം തുറക്കുന്ന ഡോ. സഞ്ജയ് രാജു, 54 കവിതകൾ ഉൾക്കൊള്ളുന്ന ‘ചിതറിയ ചിന്തകൾ ചിതറാത്ത നാടിന്’ എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കരുത്തേകുന്നത് ഭാര്യയും തിരുവനന്തപുരം ഡെന്റൽ ഡോക്ടറുമായ ഇന്ദുവും, മക്കളായ ജോഹനും ഹന്നയും ഡോക്ടർക്കൊപ്പമുണ്ട്.


