ഡോ. വന്ദനാദാസ് കൊലക്കേസ്; പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി
text_fieldsപ്രതീകാത്മക ചിത്രം
കൊല്ലം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷിവിസ്താരം പൂർത്തിയായി. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് മുമ്പാകെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസിനെ വിസ്തരിച്ചതോടുകൂടിയാണ് കേസിലെ പ്രോസിക്യൂഷൻ ഭാഗം സാക്ഷിവിസ്താരം പൂർത്തിയായത്.
വന്ദനയെ കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും മറ്റുള്ളവരെയും ക്രൂരമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ കുറ്റകൃത്യം തെളിയിക്കുന്നതിനായി 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടി സാധനങ്ങളും ആണ് പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കൽ കോടതി മുമ്പാകെ തെളിവായി ഹാജരാക്കിയത്.
സ്കൂൾ അധ്യാപകനായ പ്രതി സന്ദീപ്, 2023 മേയ് 10ന് പുലർച്ചെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടൊപ്പം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയ സമയം ആശുപത്രിയിലെ പ്രൊസീജിയർ റൂമിൽ ഉണ്ടായിരുന്ന കത്രിക കൈവശപ്പെടുത്തി വന്ദനയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെ ഉണ്ടായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥന്മാരെയും ആംബുലൻസ് ഡ്രൈവറെയും പ്രതിയുടെ ഒപ്പം എത്തിയ രണ്ട് സമീപവാസികളെയും കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുമാണ് പ്രോസിക്യൂഷൻ കേസ്.
വന്ദനയും കൂടെയുണ്ടായിരുന്ന ഡോക്ടറും കൂടി പ്രതിയെ ചികിത്സിക്കുന്ന ദൃശ്യങ്ങൾ പ്രതിയുടെ മൊബൈൽ ഫോണിൽ പകർത്തപ്പെട്ടത് പൊലീസ് കണ്ടെടുത്തതും പ്രോസിക്യൂട്ടർ കോടതിയിൽ പ്രദർശിപ്പിച്ച് തെളിവിലേക്ക് ഹാജരാക്കിയിരുന്നു. കോടതി പ്രതിയെ നേരിട്ട് ചോദ്യം ചെയ്യുന്ന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവരാണ് ഹാജരാകുന്നത്.


