സമ്പൂർണ കുടിവെള്ള പദ്ധതി; പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തികൾ വിലയിരുത്തി
text_fieldsനഗരസഭയിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തുന്നു
കരുനാഗപ്പള്ളി: നഗരസഭയിൽ സമ്പൂർണ കുടിവെള്ളമെത്തിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ പ്രവൃത്തികൾ സി.ആർ. മഹേഷ് എം.എൽ.എ, നഗരസഭ ചെയർമാൻ പി. സോമരാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.
കൊല്ലം ഞാങ്കടവ് കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊല്ലം ഭാഗത്തേക്കുള്ള ശാസ്താംകോട്ട ശുദ്ധജല തടാകത്തിൽനിന്നുള്ള ശുദ്ധജലവിതരണം ഒഴിവാകും. ശാസ്താംകോട്ടയിൽനിന്നുള്ള പൈപ്പ് ലൈൻ വഴി ചവറ കോലത്ത്മുക്കിൽ എത്തിച്ച്, അവിടെ നിന്ന് ദേശീയപാത വഴി ലാലാജിമുക്ക്, തറയിൽമുക്ക്, ചക്കാലമുക്ക് വഴി താച്ചയിൽ മുക്കിലെ ജലസംഭരണ ടാങ്കിൽ വെള്ളം എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2019ൽ അന്നത്തെ ജലവിഭവ മന്ത്രിക്ക് എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 17.4 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. നഗരസഭ അമൃത് പദ്ധതി വിഹിതത്തിൽ നിന്നും 40 ലക്ഷത്തോളം രൂപ ദേശീയപാത വിഭാഗത്തിൽ ലൈസൻസ് ഫീസായും ഗാരണ്ടി തുകയായും അടച്ചു. പൈപ്പ് സ്ഥാപിക്കുന്നതിനായി 14.9 കോടി രൂപയുടെ സാങ്കേതിക അനുമതിയാണ് ലഭിച്ചത്.
രണ്ടാംഘട്ടമായി എല്ലാ വീടുകളിലും പൈപ്പ് ലൈൻ സ്ഥാപിച്ച് കുടിവെള്ള വിതരണം സമ്പൂർണമാക്കുമെന്നും, ഇതിനാവശ്യമായ തുക അനുവദിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.


