യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; സഹോദരങ്ങൾ ഉൾപ്പടെ ആറുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
ഇരവിപുരം: പുതുവത്സരദിനത്തിൽ തർക്കത്തെ തുടർന്ന് യുവാവിനെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പടെ ആറുപ്രതികൾ ഇരവിപുരം പൊലീസിന്റെ പിടിയിലായി.
മയ്യനാട് കൂട്ടിക്കട ആക്കോലിൽ ആലപ്പുരവീട്ടിൽ സച്ചു (22), സഹോദരൻ ബിച്ചു (20), മയ്യനാട് കൂട്ടിക്കട വെളിയിൽ വീട്ടിൽ സൈദലി(21), കൂട്ടിക്കട ആലപ്പുരംവീട്ടിൽ രഞ്ജൻ(50), മയ്യനാട് കൂട്ടിക്കട ആലപ്പുര വീട്ടിൽ കിരൺ (23), മയ്യനാട് വയലിൽവീട്ടിൽ കിഴക്കതിൽ അഖിൽ(22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മയ്യനാട് ആക്കോലിൽ മൂലവട്ടം തൊടിയിൽവീട്ടിൽ വിജേഷിനെയും സഹോദരൻ വിന്ദേഷിനെയുമാണ് പ്രതികൾ ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
മയ്യനാട് അമ്മാച്ചൻമുക്കിലുള്ള വിജേഷിന്റെയും വിന്ദേഷിന്റെയും വീടിന് സമീപത്തുനിന്ന് പുതുവത്സരദിനം പുലർച്ച 1.30 ഓടെ പ്രതികൾ ഉച്ചത്തിൽ ചീത്തവിളിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ പ്രതികൾ ഇരുമ്പുകമ്പിയും വടിയുമായെത്തി ഇരുവരെയും ആക്രമിക്കുകയായിരുന്നു. ഇരുമ്പുകമ്പികൊണ്ടുള്ള അടിയിൽ തലക്ക് മാരകമായി പരിക്കേറ്റ വിന്ദേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
വിജേഷിനും മർദനത്തിൽ സാരമായി പരിക്കേറ്റിരുന്നു. ഇരവിപുരം പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നരഹത്യാശ്രമത്തിന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത ശേഷം പിടികൂടുകയായിരുന്നു. ഇരവിപുരം ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സി.പി.ഒ മാരായ അനീഷ്, സുമേഷ്, രാജീവ്, അനുപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.