ഇരവിപുരം മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്
text_fieldsമേൽപ്പാല നിർമാണം പൂർത്തിയായ നിലയിൽ
ഇരവിപുരം: മേൽപ്പാലം നിർമാണം അന്തിമഘട്ടത്തിലേക്ക്. മേൽപ്പാലത്തിലുള്ള റോഡിന്‍റെ ടാറിങ് ജോലികൾ പൂർത്തിയായി. ഇനിയുള്ളത് സർവീസ് റോഡ് പുനർ നിർമ്മിക്കലും പെയിന്‍റിങ് ജോലികളും മാത്രമാണ്. 2019 മാർച്ചിൽ മൂന്നുവർഷംകൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ച മേൽപ്പാലം പൂർത്തിയാക്കുവാൻ ഏഴുവർഷം എടുത്തു. കോവിഡും റെയിൽവേയുമായുള്ള തർക്കവും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോകാൻ ഇടയാക്കി.
മേൽപ്പാലം നിർമാണത്തിനായി റെയിൽവേ ഗേറ്റ് അടച്ചു പൂട്ടിയതോടെ 200 മീറ്റർ എത്തുവാൻ ജനം മൂന്ന് കിലോമീറ്റർ സഞ്ചരിക്കേണ്ട അവസ്ഥയാണ്. സ്റ്റീൽ കൊണ്ട് നിർമിച്ച പാലത്തിന്‍റെ നിർമാണച്ചുമതല റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനായിരുന്നു. പാലത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ പാലം തുറക്കുന്നതിനുള്ള കാത്തിരുപ്പിലാണ് ജനങ്ങൾ. പുതുവർഷത്തിൽ പാലം തുറന്നു കൊടുക്കാനുള്ള രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.


