മത്സ്യക്ഷാമം രൂക്ഷം; തീരമേഖല വറുതിയുടെ പിടിയിൽ
text_fieldsമയ്യനാട് മുക്കത്ത് കയറ്റിവെച്ചിരിക്കുന്ന കട്ടമരങ്ങൾ
ഇരവിപുരം: മത്സ്യക്ഷാമം രൂക്ഷമായതോടെ ഇരവിപുരം, മുക്കം, പരവൂർ എന്നിവിടങ്ങളിലെ തീരമേഖല വറുതിയുടെ പിടിയിൽ. രണ്ടുമാസമായി മത്സ്യബന്ധനത്തിനായി കടലിൽ പോകുന്ന പലരും വെറും വലയോടെ തിരികെ വരുന്ന സ്ഥിതിയാണ്. എൻജിൻ ഘടിപ്പിച്ച വള്ളങ്ങളിൽ പോകുന്നവർക്ക് ചെലവ് തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചാളയും, അയലയും ചെമ്മീനും ലഭിക്കേണ്ട സമയത്താണ് ഒരു മീനും ലഭിക്കാതിരിക്കുന്ന സ്ഥിതി.
ഫൈബർ കട്ട മരങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവരാണ് ഭൂരിഭാഗം പേരും. കാലാവസ്ഥയിലെ മാറ്റംമൂലം മത്തി ഉൾപ്പെടെയുള്ളവ ഉൾക്കടലിലേക്ക് പോകുന്നതാണ് മത്സ്യലഭ്യത കുറയാൻ കാരണമെന്ന് പറയുന്നു. ലൈറ്റ് ഉപയോഗിച്ച് നിരോധിത രീതിയിൽ രാത്രികാലങ്ങളിൽ മത്സ്യം പിടിക്കുന്നതും ലഭ്യത കുറവിന് കാരണമാക്കിയിട്ടുണ്ട്. തീരത്ത് മത്സ്യം കുറഞ്ഞതോടെ തീരപ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടി.
നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് ഈ മേഖലയിൽ ഉള്ളത്. ചൊവ്വാഴ്ച ഇവിടെ നിന്ന് പോയവരിൽ ചിലർക്ക് മാത്രമേ മത്സ്യം ലഭിച്ചുള്ളു. നെയ്ത്തോലി മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്. കടലിൽ മത്സ്യ ലഭ്യത കുറയുമ്പോൾ പരവൂർ കായലിൽ ഇതേ അവസ്ഥയാണ്. കടുത്ത ചൂടാണ് മത്സ്യം ലഭിക്കാതായതിന്റെ മറ്റൊരു കാരണമായി പറയുന്നത്. മത്സ്യക്ഷാമം മൂലം പട്ടിണിയിലാകുന്നവരെ സഹായിക്കാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. അടിയന്തിരമായി ധനസഹായവും സൗജന്യ റേഷനും നൽകണമെന്നാണ് ആവശ്യം.