അപകടക്കെണിയായി ഇരവിപുരം തീരദേശ റോഡ്
text_fieldsതകർന്ന തീരദേശ റോഡ്
ഇരവിപുരം: അപകടക്കെണിയായി ഇരവിപുരം തീരദേശ റോഡ്. റോഡിലൂടെ സഞ്ചരിച്ചാൽ കുഴിയിലോ കടലിലോ വീഴുമെന്ന അവസ്ഥയാണ്. കാക്കത്തോപ്പ് ക്ലാവർ മുക്ക് ഭാഗത്ത് വെള്ളിയാഴ്ച രാത്രി റോഡിലെ കുഴിയിൽ വീണ് നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് രണ്ടുപേർ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ പ്രവീൺ (32), മനീഷ് മാർഷൽ (31) എന്നിവരാണ് മരിച്ചത്.
കൊല്ലം-പരവൂർ തീരദേശ റോഡിൽ മുണ്ടയ്ക്കൽ മുതൽ ഇരവിപുരം വരെയുള്ള ഭാഗം തകർന്നിട്ട് നാളുകളേറെയായി. റോഡിലെ കുഴിയിൽ വീഴാതെ ഇതുവഴി പോകാൻ കഴിയില്ല. കൂടാതെ കാക്കതോപ്പ് ഗാർഫിൽ നഗർഭാഗത്ത് ഏതാനും വർഷം മുമ്പുണ്ടായ കടലാക്രമണത്തിൽ റോഡിന്റെ ഭാഗം നഷ്ടപ്പെട്ടിരുന്നു. കടലെടുത്ത ഈ ഭാഗം പൂർവസ്ഥിതിയിലാക്കിയിട്ടില്ല. വലിയ വാഹനങ്ങൾ പോകുമ്പോൾ റോഡ് കടലിലേക്ക് ഇടിഞ്ഞിറങ്ങുന്നുമുണ്ട്. ഇവിടെ അടിയന്തരമായി കടൽഭിത്തി നിർമിക്കണമെന്നാവശ്യം പരിഗണിക്കപ്പെട്ടിട്ടില്ല. അഞ്ച് സ്വകാര്യ ബസുകൾ ഇതുവഴി സർവിസ് നടത്തുന്നുണ്ട്. ഞാണിന്മേൽ കളി പോലെയാണ് ബസുകളുടെ സഞ്ചാരം.
റോഡിലെ കുഴിയിൽ വീണ് ഈ ഭാഗത്ത് അപകടങ്ങൾ പതിവായിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണെന്ന് തീരദേശ വാസികൾ പറയുന്നു. അപകടത്തിൽപ്പെട്ട് കൂടുതൽ ജീവനുകൾ പൊലിയുന്നതിന് മുമ്പ് റോഡ് പുനർനിർമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യമാണ് ഉയരുന്നത്.