രോഗം ഒരു എതിരാളിയെയല്ല; ആർഷ തെളിയിക്കുന്നു
text_fieldsആർഷ ബോസ്
ഇരവിപുരം: വിധി തനിക്ക് സമ്മാനിച്ച അപൂർവരോഗത്തെ മന:സാന്നിധ്യത്തിലൂടെ നേരിട്ട് വിജയങ്ങളുടെ ചവിട്ടുപടികൾ ഒന്നൊന്നായി കയറുകയാണ് ആർഷ ബോസ് എന്ന 23കാരി. വൈദ്യശാസ്ത്രം പോലും മുട്ടുമടക്കിയ മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ്വ രോഗബാധിതയാണ് ഈ യുവതി.
ചക്ര കസേരയിൽ ഇരുന്നുകൊണ്ട് കേരള യൂനിവേഴ്സിറ്റിയുടെ ഈ വർഷത്തെ എം കോം പരീക്ഷയിൽ ഒന്നാം റാങ്ക് നേടി രോഗത്തെ തോൽപ്പിച്ച് മുന്നേറുകയാണ് ആർഷ. കോളജ് പ്രൊഫസർ ആകണമെന്ന ആഗ്രഹം സഫലീകരിക്കും വരെ പഠനം തുടരാനാണ് തീരുമാനം.
വടക്കേവിള വലിയ കൂനമ്പായികുളം ക്ഷേത്രത്തിനടുത്ത് മണക്കാട് ന്യൂ നഗർ 65 തെക്കേ കളിയിലിൽ വീട്ടിൽ പ്രവാസിയായ ചന്ദ്രബോസിന്റെയും അജന്ത കുമാരിയുടെയും ഏക മകളായ ആർഷ ബോസ് എന്നും പഠനത്തിൽ മികവ് കാട്ടിയിരുന്നു.
കളിച്ചു ചിരിച്ചു നടക്കേണ്ട പ്രായത്തിലാണ് അപൂർവ രോഗം ബാധിച്ചത്. എസ്.എസ്.എൽ.സിക്കും, പ്ലസ്ടുവിനും മുഴുവൻ മാർക്കും നേടിയായിരുന്നു വിജയം. ബികോമിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും സ്വന്തമാക്കി. നെറ്റ്, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവയും ഇതിനകം സ്വന്തമാക്കി.
മൂന്നു വയസുവരെ മറ്റുള്ള കുട്ടികളോടൊപ്പം ഓടിച്ചാടി നടന്നിരുന്ന ആർഷക്ക് പെട്ടെന്നാണ് മസ്കുലർഡിസ്ട്രോഫി ബാധിക്കുന്നത്. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ പിതാവിന് മകളെ നോക്കേണ്ടതിനാൽ തിരിച്ചു പോകാൻ കഴിഞ്ഞില്ല. അന്നുമുതൽ ഒരു മാരുതി വാനിൽ ചക്ര കസേരയിൽ മകളെ ഇരുത്തി പഠനത്തിന് കൊണ്ടുപോകുന്ന ജോലിയായിരുന്നു പിതാവ് ബോസിന്.
പഠനത്തിലെ മകളുടെ മികവ് കണ്ടതോടെ എവിടെ വരെ വേണമെങ്കിലും മകളെ പഠിപ്പിക്കാൻ ചന്ദ്രബോസും അജന്തകുമാരിയും തീരുമാനിക്കുകയായിരുന്നു.
തളരാത്ത മനസ്സുമായി വിധിയോട് പോരടിച്ച് മുന്നേറ്റം തുടരുന്ന കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിനും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനുമായി തനിക്ക് ഒരു പ്രൊഫസറുടെ ജോലി ഏതെങ്കിലും മാനേജ്മെന്റുകൾ നൽകുമെന്ന പ്രതീക്ഷ കൈവിടാതെ മുന്നേറുകയാണ് ഈ 23 കാരി.