പിക്അപ് വാനിൽ നിരോധിത പുകയില ഉൽപന്നങ്ങൾ; ഒരാൾ പിടിയിൽ
text_fieldsപിടിയിലായ പ്രതി
ഇരവിപുരം: മയ്യനാട് കൂട്ടിക്കടയിൽ ചാത്തന്നൂർ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ പിക്അപ് വാനിൽ വിൽപനക്കായി എത്തിച്ച 120 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ശംഭു ഹാൻസ്, കൂൾ, ഗണേഷ് ഇനത്തിൽപ്പെട്ട 15 ലക്ഷം രൂപയിലധികം വിലമതിക്കുന്ന 1200 കിലോഗ്രാമിലേറെ വരുന്ന നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.
കൊല്ലം വടക്കേവിള വില്ലേജിൽ അയത്തിൽ തൊടിയിൽ വീട്ടിൽ അൻഷാദിനെ (32) അറസ്റ്റ് ചെയ്തു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപനക്കായി കൊണ്ടുവന്നതാണ് പുകയില ഉൽപന്നങ്ങൾ. കൂട്ടിക്കട റെയിൽവെ ഗേറ്റിന് കിഴക്കുവശത്തുനിന്നാണ് എക്സൈസ് റേഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ വി.കെ. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഇത് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എസ്. നിഷാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം. മുഹമ്മദ് ഷെഹിൻ, മുഹമ്മദ് സഫർ ,അർജുൻ ,സിജു രാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. അടുത്തിടെ എക്സൈസ് നടത്തുന്ന ഏറ്റവും വലിയ പാൻ മസാല വേട്ടയാണിത്.


