നിർമാണത്തിനിടെ തകർന്നുവീണ പാലം പൊളിച്ചുമാറ്റിത്തുടങ്ങി
text_fieldsതകർന്നുവീണ പാലം പൊളിച്ചുമാറ്റാൻ ശ്രമം നടക്കുന്നു
ഇരവിപുരം: ബൈപാസ് റോഡിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ തകർന്നുവീണ പാലം പൊളിച്ചുമാറ്റിത്തുടങ്ങി. ദേശീയപാതയുടെ പുനർനിർമാണത്തിന്റെ ഭാഗമായി ബൈപാസ് റോഡിൽ അയത്തിൽ സാരഥി ജങ്ഷനിൽ നിലവിലുള്ള പാലത്തിന് സമാന്തരമായി നിർമാണം നടന്നുകൊണ്ടിരുന്ന പാലമാണ് കോൺക്രീറ്റ് ചെയ്യുന്നതിനിടെ തകർന്നുവീണത്. നവംബർ 28ന് ഉച്ചക്ക്ഒന്നരയോടെ ആയിരുന്നു സംഭവം.
പാലം നിർമിക്കുന്നതിനായി കമ്പി കെട്ടി കോൺക്രീറ്റ് ഇടുന്നതിനിടെയാണ് കമ്പികൾ വളഞ്ഞ് നിലംപൊത്തിയത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരുടെയും കോൺഗ്രസ് പ്രവർത്തകരുടെയും പ്രതിഷേധത്തെ തുടർന്ന് കലക്ടറും എം.എൽ.എയും സ്ഥലം സന്ദർശിക്കുകയും കരാർ കമ്പനി, ഹൈവേ അതോറിറ്റി എന്നിവരോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ഹൈവേ അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടറും ജനറൽ മാനേജരും എൻ.ഐ.ടി സംഘവും സ്ഥലത്തെത്തി പാലം തകർന്നുവീഴാനുണ്ടായ കാരണങ്ങളെക്കുറിച്ച് വിലയിരുത്തൽ നടത്തിയിരുന്നു. അതിനുശേഷമാണ് തകർന്ന പാലം പൊളിച്ചു മാറ്റാനുള്ള ശ്രമം തുടങ്ങിയത്.
പാലത്തിനുവേണ്ടി കെട്ടിയ കമ്പികൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചുമാറ്റിത്തുടങ്ങി. നിലവിലെ കമ്പികളും തകർന്ന കോൺക്രീറ്റും പൂർണമായും മാറ്റിയശേഷമാകും പുതിയപാലം നിർമിക്കുക. കരാർ കമ്പനിയുടെ കാലാവധിക്കുള്ളിൽ ഇവിടെ പുതിയ പാലം നിർമിക്കാനാണ് ഇവർ ലക്ഷ്യമിട്ടിട്ടുള്ളത്.