ഇ.എസ്.ഐ മെഡിക്കൽ കോളജ്; പ്രഖ്യാപനം നടപ്പാകാൻ കടമ്പകൾ ഏറെ
text_fieldsആശ്രാമത്തെ ഇ.എസ്.ഐ ആശുപത്രി
കൊല്ലം: ആശ്രാമത്തെ ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളജ് ആയി ഉയർത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നെങ്കിലും പ്രധാന തടസ്സം പരിഹരിക്കുന്നതിന് കടമ്പകളേറെ. സ്ഥലപരിമിതിയാണ് കൊല്ലം ഇ.എസ്.ഐ ആശുപത്രിയുടെ പ്രധാന പ്രശ്നം. മെഡിക്കൽ കോളജ് ആകുമ്പോൾ പുതിയ വകുപ്പുകളും കൂടുതൽ ഡോക്ടർമാരും അത്യാധുനിക സംവിധാനങ്ങളും ഇ.എസ്.ഐ കോർപറേഷൻ കൊണ്ടുവരും.
100 പേർക്ക് എം.ബി.ബി.എസ് പ്രവേശനവും നൽകും. ഇ.എസ്.ഐ അംഗങ്ങളുടെ മക്കൾക്കാണ് ഗവ. ഫീസിൽ പ്രവേശനം നൽകുക. മെഡിക്കൽ കോളജ് കാമ്പസിനും ഹോസ്റ്റലിനും അടക്കം പുതിയ സ്ഥലം ലഭ്യമാകേണ്ടതുണ്ട്. കൊല്ലത്ത് ഇ.എസ്.ഐ ആശുപത്രിക്കായി അഹോരാത്രം ശ്രമിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി സ്ഥലപരിമിതിക്ക് പരിഹാരമായി ചൂണ്ടിക്കാട്ടുന്നത് നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന് കീഴിലുള്ള പൂട്ടിക്കിടക്കുന്ന പാർവതി മില്ലിന്റെ സ്ഥലമാണ്.
ആ സ്ഥലം ലഭിക്കുന്നതിനുപക്ഷേ കടമ്പകൾ നിരവധിയാണ്. സംസ്ഥാന സർക്കാർ കേന്ദ്ര ടെക്സ്റ്റൈൽ കോർപറേഷനോട് ആവശ്യപ്പെടുകയും അവർ അത് അംഗീകരിച്ച് അനുവദിച്ചുനൽകിയെങ്കിൽ മാത്രമേ മില്ലിന്റെ സ്ഥലം ലഭ്യമാകൂ. നിലവിൽ മില്ലിലെ മുൻ ജീവനക്കാരടക്കം ആനുകൂല്യങ്ങൾ ലഭ്യമാകാത്തതിന്റെ പേരിൽ സമരമുഖത്താണ്.
സംസ്ഥാന തൊഴില്‍മന്ത്രിയും തൊഴില്‍വകുപ്പ് സെക്രട്ടറിയും ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്താനും പാര്‍വതി മില്ലിന്റെ സ്ഥലം മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ വിട്ടുകിട്ടാനും കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു. മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട തുടര്‍നടപടികളില്‍ പ്രധാനപ്പെട്ടത് ഭൂമിയുടെ ലഭ്യതയായതിനാല് അടിയന്തരമായി ഭരണപരമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടതായും എം.പി വ്യക്തമാക്കി.
പാര്‍വതി മില്ലിന്റെ സ്ഥലം ഇ.എസ്.ഐ കോര്പറേഷന് നല്‍കുന്നതിനുള്ള ഭരണപരമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് കേന്ദ്ര തൊഴില്‍വകുപ്പ് സെക്രട്ടറിയോടും ഇ.എസ്.ഐ ഡയറക്ടര്‍ ജനറലിനോടും എം.പി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇ.എസ്.ഐ പുതിയതായി ആരംഭിക്കാന്‍ പോകുന്ന 10 മെഡിക്കല്‍ കോളജുകളുടെ പട്ടികയിലാണ് കൊല്ലം കൂടി ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.