യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ
text_fieldsപിടിയിലായ പ്രതികൾ
ഇരവിപുരം: ആശുപത്രി പരിസരത്തുനിന്നും ആളുകൾ നോക്കിനിൽക്കെ യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേരെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി ഇരവിപുരം പൊലീസ്. പാലത്തറയിലെ സ്വകാര്യ ആശുപത്രിക്ക് മുമ്പിൽനിന്നും ബുധനാഴ്ച രാത്രി എട്ടോടെ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലാണ് അഞ്ചു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടി യുവാവിനെ പൊലീസ് മോചിപ്പിച്ചത്.
ശൂരനാട് പോരുവഴി കമ്പലടി ചാമവിള പടിഞ്ഞാറ്റതിൽ വീട്ടിൽ അഭിൻ നാസർ (22), പോരുവഴി സ്വദേശിയായ വട്ടവള വീട്ടിൽ അൽഅമീൻ (21), നൂറനാട് മുതുകാട്ടുകര പാലമേൽ കുഴിയത്ത് കിഴക്കതിൽ വീട്ടിൽ അൻസർ (41), നൂറനാട് തീരെ കാത്തുംപറമ്പിൽ വീട്ടിൽ ആദിൽ (22) എന്നിവരാണ് പിടിയിലായത്.
തൃശ്ശൂർ സ്വദേശിയായ ആരോമലിനെയാണ് രണ്ട് കാറിൽ എത്തിയ പത്തംഗ സംഘം മർദ്ദിച്ചശേഷം തട്ടിക്കൊണ്ടുപോയത്. തൃശ്ശൂർ സ്വദേശിയായ ആരോമൽ ഒന്നാം പ്രതിയായ അഫിൻ നാസറിന് ഡൽഹിയിൽ നിന്നും ഫോർച്യൂണർ കാർ എത്തിച്ച് നൽകാമെന്ന് വ്യവസ്ഥയിൽ 14 ലക്ഷം രൂപ ഇക്കഴിഞ്ഞ ജൂണിൽ കൈപ്പറ്റിയിരുന്നു. പണം കൈപ്പറ്റിയ ശേഷം പലതവണ പരാതിക്കാരൻ ആരോമലിനെ ബന്ധപ്പെട്ടെങ്കിലും പൈസ നൽകുന്നതിനോ വാഹനം നൽകുന്നതിനോ തയാറായിരുന്നില്ല.
തുടർന്ന് ഒന്നാംപ്രതിയുടെ നേതൃത്വത്തിൽ സംഘം തൃശൂരിൽ ആരോമലിന്റെ വീട്ടിലെത്തി വാഹനം ആവശ്യപ്പെട്ടെങ്കിലും ആരോമലിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ഒന്നാംപ്രതിയും സംഘവും പലതവണ ആരോമലിനെ തിരഞ്ഞ് പല സ്ഥലത്തും പോയെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയത് കാരണം കണ്ടെത്താനായിരുന്നില്ല.
സോഷ്യൽ മീഡിയ വഴി ആരോമലിന്റെ ഭാര്യ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോമൽ ആശുപത്രിയിൽ ഉണ്ടെന്നും മനസ്സിലാക്കിയ ഒന്നാംപ്രതി സുഹൃത്തുക്കളായ മറ്റ് ഒമ്പത് പേരുമായി രണ്ട് കാറിലായി ആശുപത്രിയിൽ എത്തിച്ചേരുകയായിരുന്നു. തുടർന്ന് സാധനം വാങ്ങാനായി റോഡിലേക്ക് ഇറങ്ങിയ ആരോമലിനെ പ്രതികൾ തടഞ്ഞുനിർത്തുകയും തർക്കം ഉണ്ടാകുകയും തുടർന്ന് സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. ആരോമലിനെ പ്രതികൾ ആശുപത്രിയുടെ മുന്നിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. ആളുകൾ ഓടിക്കൂടിയതിനെ തുടർന്ന് ആരോമലിനെ കാറിനുള്ളിലേക്ക് വലിച്ചുകയറ്റി സംഘം കടന്നുകളഞ്ഞു.
പൊലീസ് അന്വേഷണത്തിലാണ് വാഹന ഇടപാടുമായി ബന്ധപ്പെട്ട സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായത്. ശൂരനാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതികൾ എന്ന് മനസിലാക്കിയ പൊലീസ് സംഘം, വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ നാലു പ്രതികളെയും തട്ടിക്കൊണ്ടുപോയ ആരോമലിനെ ഉൾപ്പെടെ ആനയടി പാലത്തിന് സമീപം വെച്ച് പിടികൂടുകയായിരുന്നു.
ആരോമലിനെ സ്റ്റേഷനിൽ കൊണ്ടുവന്ന് മെഡിക്കൽ പരിശോധനക്ക് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി. അറസ്റ്റിലായ നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരവിപുരം ഇൻസ്പെക്ടർ ആർ. രാജീവ് , എസ്.ഐ ജയേഷ്, ജൂനിയർ എസ്.ഐ മനു, സി.പി.ഒമാരായ നിവിൻ, ഷാൻ അലി, സജിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.


